

തിരുവനന്തപുരം: മേയറാക്കാത്തതിലുള്ള അതൃപ്തി ആർ ശ്രീലേഖ പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് കെ എസ് ശബരിനാഥന്‍. പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന്‍ പറഞ്ഞു.
എന്‍ഡിഎയുടെ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തുടക്കം തന്നെ പാളി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ പിന്നോട്ടടിക്കുന്നു. ശ്രീലേഖയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയേണ്ടത് അവരുടെ പാര്‍ട്ടിക്കുള്ളിലാണ്. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തെ ബാധിക്കാന്‍ പാടില്ലെന്നും ശബരിനാഥന്‍ പ്രതികരിച്ചു.
അതേസമയം വിവാദത്തില്‍ പാര്‍ട്ടി അതൃപ്തിക്ക് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരന്‍ കുട്ടിയെ പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നായിരുന്നു ആര്‍ ശ്രീലേഖയുടെ പരമാര്‍ശം. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ശ്രീലേഖ വിഷയത്തില്‍ പ്രതികരിച്ചത്.
പാര്‍ട്ടി നിര്‍ദേശത്തിന് പിന്നാലെയാണ് ആര്‍ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളില്‍ പൊതുസമൂഹത്തോട് വിശദീകരണം നല്‍കണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ശ്രീലേഖ വീഡിയോ പങ്കുവച്ചത്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി വന്നതിന് പിന്നാലെയായിരുന്നു വിശദീകരണം നല്‍കാന്‍ ആര്‍ ശ്രീലേഖയ്ക്ക് നിര്‍ദേശം നല്‍കിയത്.
നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ മേയറാക്കാത്തതിലുള്ള അതൃപ്തി ആര്‍ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. ശ്രീലേഖയുടെ പരസ്യപ്രതികരണത്തില്‍ ബിജെപി നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു.
Content Highlight; Congress leader Sabrinathan said Srilekha’s dissatisfaction impacts corporation governance and stressed that internal party issues should be resolved within the party