

2011 ഏകദിന ലോകകപ്പിൽ ഇന്ത്യ മുത്തമിട്ടപ്പോൾ പ്ലെയർ ഓഫ് ദി ടൂർണമെന്റായി ഇന്ത്യയുടെ നെടും തൂണായത് യുവരാജ് സിങ്ങായിരുന്നു. എന്നാൽ ടൂർണമെന്റിന് ശേഷം താരത്തിന് ക്യാൻസർ സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിൽ പിടിപെട്ട ട്യൂമർ മൂലം തന്നോട് മാസങ്ങൾ മാത്രമേ ജീവിക്കുകയുള്ളൂവെന്നാണ് പറഞ്ഞതെന്ന് യുവരാജ് സിങ് പറയുന്നു. ഇംഗ്ലണ്ട് മുൻ താരം കെവിൻ പിറ്റേഴ്‌സണിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു യുവി. യുഎസിലെ ഡോക്റ്റർ ലോറൻസ് ഐൻഹോണിന്റെ വാക്കുകൾ ശക്തിനൽകിയെന്നും യുവി പറഞ്ഞു.
'എനിക്ക് മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ ജീവിക്കാൻ കഴിയുള്ളുവെന്ന് എന്നോട് പറഞ്ഞിരുന്നു. എന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലായിരുന്നു ട്യൂമർ. കീമോതെറാപ്പിക്ക് പോയില്ലെങ്കിൽ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു.
യു എസിൽ ചികിത്സക്ക് എത്തിയപ്പോൾ ഡോ. ലോറൻസ് ഐൻഹോൺ എന്നോട് പറഞ്ഞു, ഒരിക്കലും കാൻസർ രോഗം പിടിപെടാതിരുന്ന ഒരു മനുഷ്യനായി ഞാൻ പുറത്തുപോകുമെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ശക്തി നൽകി. എനിക്ക് സുഖം പ്രാപിച്ച് ക്രിക്കറ്റ് കളിക്കാൻ തുടങ്ങാമെന്ന് പറഞ്ഞപ്പോൾ, അത് ഒരു രണ്ടാം ജീവിതം ലഭിച്ചതുപോലെയായിരുന്നു,' യുവി പറഞ്ഞു.
ക്യാൻസർ ചികിത്സക്ക് ശേഷം യുവി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. 2017ൽ ഇംഗ്ലണ്ടിനെതിരെ തന്റെ ഉയർന്ന ഏകദിന സ്‌കോറായ 150 റൺസും നേടി. 2019ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
Content Highlights- Yuvraj Singh shares experiences of Cancer