

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന്‍ പറഞ്ഞു. 'കെട്ടുപ്രായം കഴിഞ്ഞ പെണ്‍കുട്ടിയോട് വിവാഹം വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരനോട് മത്സരിക്കുമോ എന്ന് ചോദിക്കുന്നത്. മുതിര്‍ന്നവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ പരിഗണിക്കും', എം എം ഹസ്സന്‍ പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് നയപരമായ തീരുമാനമെടുക്കണമെന്നും എംപിമാര്‍ക്കും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടാകുമെന്നും എം എം ഹസ്സന്‍ പറഞ്ഞു.
അധിക സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം ന്യായമാണെന്നും എം എം ഹസ്സന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് യാഥാര്‍ത്ഥ്യബോധമുണ്ടെന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് സഹായകരമാണെന്നും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. വെളളാപ്പളളി നടേശന്‍ രാവിലെയും വൈകീട്ടും വ്യത്യസ്ത അഭിപ്രായം പറയുന്ന ആളാണെന്നും സിപിഐഎമ്മാണ് അദ്ദേഹത്തെ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ ജനം വിലയിരുത്തട്ടെ എന്നും എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്നാണ് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിൻ്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച യോഗം നടന്നു. കേരളത്തിൽ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: Congress party should decide on my candidature says MM Hassan