

ചെന്നൈ: മധുരയിലെ തിരുപരംകുണ്ട്രത്ത് ദീപത്തൂണില്‍ വിളക്ക് തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് തിരിച്ചടി. കുന്നില്‍ മുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തളളി. ദീപം തെളിയിക്കാനുളള അനുമതി ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന സര്‍ക്കാര്‍ വാദം തളളി. സര്‍ക്കാരിന്റെ വാദം സാങ്കല്‍പ്പികമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തളളിയത്.
സര്‍ക്കാരിന്റെ വാദം അസംബന്ധമാണെന്നും ഒരു സമുദായത്തെ സംശയ നിഴലിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. സമുദായങ്ങള്‍ തമ്മിലുളള അകല്‍ച്ച പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ക്കിയോളജി വകുപ്പുമായി ചര്‍ച്ച ചെയ്ത് ദീപം തെളിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.
ഹിന്ദു-മുസ്‌ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കകത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥൻ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ചെയ്യുന്നത് പോലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രം വിളക്ക് തെളിയിച്ചാല്‍ മതിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.
മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്ക് തെളിയിക്കാനെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടർന്നാണ് സർക്കാർ വിധിക്കെതിരെ അപ്പീൽ പോയത്. ക്ഷേത്രത്തിനും ദര്‍ഗയ്ക്കും നടുവിലുളള ദീപത്തൂണ്‍ ഹിന്ദുമതവിഭാഗത്തിന്റേതല്ലെന്നും അവിടെ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സമീപത്തുളള കുന്നുകളില്‍ താമസിച്ചിരുന്ന ദിഗംബര ജൈന സന്യാസികളുമായി ചരിത്രപരമായി ഈ സ്തംഭം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ ഒത്തുകൂടാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന സ്തംഭമാണിതെന്നും അതിന് ഹിന്ദു ആചാരങ്ങളുമായി ബന്ധമില്ലെന്നും ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ജോതി വ്യക്തമാക്കിയിരുന്നു.
Content Highlights: Madras High Court allows lighting of Karthika Deepam at Thiruparamkundram