

ദുബായ്: സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിക്ഷേപത്തില്‍ തന്ത്രപരമായ സമീപനം സ്വീകരിച്ച് യുഎഇ നിവാസികള്‍. റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞപ്പോള്‍ സ്വർണം വാങ്ങാന്‍ എത്തിയവരില്‍ വലിയ വർധനവ് ഉണ്ടായതായും ദുബായിലെ സ്വർണവ്യാപാരികളെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആഭരണങ്ങള്‍ക്ക് പകരം നാണയങ്ങളും കട്ടികളുമാണ് അധികം ആളുകളും വാങ്ങുന്നത്. വെനസ്വേലയിലെ ട്രംപിന്‍റെ നീക്കങ്ങള്‍ സ്വർണവില ഇനിയും ഉയർത്തുമെന്ന പ്രതീക്ഷയും വിപണിയില്‍ ശക്തമായിട്ടുണ്ട്. ഉയർന്ന സാമ്പത്തിക അസ്ഥിരതയുള്ള കാലഘട്ടങ്ങളിൽ തന്ത്രപരമായ നിക്ഷേപകർ സ്വർണവില കൂടുതൽ ഉയരുമെന്ന പ്രതീക്ഷയിൽ ബാറുകളും നാണയങ്ങളും കൂടുതലായി വാങ്ങുന്നത് സ്വാഭാവികമാണ്. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വർണാഭരണങ്ങളിലെ നഷ്ടസാധ്യത
ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അടക്കമുള്ള നഷ്ടസാധ്യതകള്‍ നമുക്ക് മുന്നിലുണ്ട്. ഡിസംബർ മാസത്തില്‍ ആഗോള വിലയിലെ ഇടിവിനെ തുടർന്ന് യുഎഇയിൽ സ്വർണവില ഒരു സെഷനിൽ തന്നെ ഗ്രാമിന് 20 ദിർഹത്തിലധികം കുറഞ്ഞിരുന്നു. മാസാവസാനം വരേയുണ്ടായ ശക്തമായ വില വർധനവിന് ശേഷം നിക്ഷേപകർ ലാഭമെടുത്തതാണ് ഇതിന് കാരണം.
2024 അവസാനത്തിൽ സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിയ ദുബായ് നിവാസികളായ നിക്ഷേപകർക്ക് ഒരു വർഷം കൊണ്ട് തങ്ങളുടെ ആസ്തിയുടെ മൂല്യം ഏകദേശം രണ്ട് ഇരട്ടിയോളം വർധിച്ചു. "സ്വർണവിലയിലെ സ്ഥിരമായ വർധന ഉപഭോക്താക്കളെ കൂടുതൽ തന്ത്രപരമായ നിക്ഷേപകരാക്കി മാറ്റിയിരിക്കുന്നു. ഉപഭോക്താക്കൾ ഇപ്പോഴും സ്വർണം വാങ്ങുന്നുണ്ട്, പക്ഷേ അളവ് കുറവാണ്. എന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട വാങ്ങലുകൾ താരതമ്യേന ശക്തമാണ്.” ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുള്ള പറയുന്നു.
ധാരണയുള്ള യുഎഇ നിവാസികള്‍
യുഎഇ നിവാസികള്‍ സ്വർണവിപണിയെക്കുറിച്ച് അഗാധമായ ധാരണയുള്ളവരാണെന്നാണ് ജോയ് ആലുക്കാസിന്‍റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ അലുക്കാസ് വ്യക്തമാക്കുന്നത്. “ദൈനംദിന അല്ലെങ്കിൽ പ്രതിവാര വില വ്യതിയാനങ്ങൾ സാധാരണമാണ്, അവയെ വിപണിയുടെ സ്വാഭാവിക സവിശേഷതയായാണ് കാണുന്നത്. പാശ്ചാത്യ വിപണികളിൽ നിന്ന് വ്യത്യസ്തമായി, ഈ അസ്ഥിരത കടന്നുവരവിനെയോ വാങ്ങൽ താൽപ്പര്യത്തെയോ തടസ്സപ്പെടുത്തുന്നില്ല.” ജോൺ പോൾ അലുക്കാസ് പറഞ്ഞു.
വില കുറയുന്നത് വിവാഹങ്ങൾക്കോ ഉത്സവങ്ങൾക്കോ വേണ്ടിയുള്ള ആസൂത്രിത വാങ്ങലുകൾക്ക് അവസരമായി കാണുന്നു. ബുദ്ധിശാലികളായ നിക്ഷേപകർ വിലയിലെ ഇടിവ് വാങ്ങല്‍ അവസരങ്ങളായി കാണുന്നതിനാൽ കട്ടികളുടേയും നാണയങ്ങളുടെയും വാങ്ങൽ വർധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. “ഇത്തരത്തക്കാർ സ്വർണത്തിന്റെ ദീർഘകാല മൂല്യ സംരക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാണയങ്ങളുടെയും കട്ടികളുടെ ആവശ്യകത ശക്തമായി തുടരുന്നു. അസ്ഥിരത അടിസ്ഥാന ഉദ്ദേശ്യത്തെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.” ജോൺ പോൾ അലുക്കാസ് കൂട്ടിച്ചേർത്തു.
യുഎഇയില്‍ നിന്നും സ്വർണം വാങ്ങുന്നവരില്‍ 90-95 ശതമാനവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് എന്നതാണ് ശ്രദ്ധേയം. “ചെറിയ സമയത്തേക്ക് രാജ്യത്ത് എത്തുന്ന ഇവർക്ക് വില കുറയുന്നതിനായി കാത്തിരിക്കാൻ സമയമില്ല. ദുബായിൽ മികച്ച ഡിസൈനുകൾ, മത്സരാധിഷ്ഠിത പണിക്കൂലി, മൊത്തത്തിലുള്ള മികച്ച മൂല്യം എന്നിവ കാരണം അവർ സ്വർണം വാങ്ങുന്നു. സ്ഥിരം നിവാസികൾ വില കൂടുതൽ നിരീക്ഷിക്കുകയും കുറയുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു." കാൻസ് ജ്വൽസ് മാനേജിങ് ഡയറക്ടർ അനിൽ ധനകും വ്യക്തമാക്കി.