

കൊച്ചി: പുനര്‍ജനി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ പ്രത്യേക അക്കൗണ്ടില്‍ വിനിമയം നടത്തിയെന്നും പുനര്‍ജനി പദ്ധതിക്കായി 1.27 കോടി രൂപ പിരിച്ചെടുത്തുവെന്നുമാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും പണം സ്വരൂപിച്ചു.
മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് വഴിയാണ് യുകെയില്‍ നിന്നും പണം സ്വരൂപിച്ചത്. മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടില്ല. വി ഡി സതീശന്‍ യുകെയിലേക്ക് പോയത് ഒമാന്‍ എയര്‍വേയ്‌സിന്റെ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണെന്നും വിജിലന്‍സ് കണ്ടെത്തി. കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത് മണപ്പാട്ട് ഫൗണ്ടേഷന്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യുകെയില്‍ താമസ സൗകര്യം ഒരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണ് എന്നാണ് വിജിലന്‍സിന് ലഭിച്ച മൊഴി.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന് കൈമാറിയിരുന്നുവെന്ന് മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ് വ്യക്തമാക്കിയിരുന്നു. എല്ലാ രേഖകളും കൈമാറിയിട്ടും വിജിലന്‍സ് മറിച്ച് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അമീര്‍ അഹമ്മദ് ആരോപിച്ചു. പുനര്‍ജനിക്ക് വേണ്ടി രൂപീകരിച്ചതല്ല മണപ്പാട്ട് ഫൗണ്ടേഷനെന്നും അമീര്‍ അഹമ്മദ് പറഞ്ഞു. 1993 മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ്. മണപ്പാട്ട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പദ്ധതികള്‍ സുതാര്യമാണ്. പുനര്‍ജനിയുമായി ബന്ധപ്പെട്ട് ഒരു ശതമാനമെങ്കിലും സുതാര്യക്കുറവുണ്ടെങ്കില്‍ താനാണ് അതിന് ഉത്തരവാദി. 2023 ല്‍ തന്റെ എഫ്‌സിആര്‍എ അക്കൗണ്ട് പുതുക്കിയിരുന്നു. ഫെമ ചട്ടലംഘനം ഉണ്ടെങ്കില്‍ അക്കൗണ്ട് പുതുക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. സിബിഐ വന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. എന്തെങ്കിലും ചെയ്യാം എന്നുകരുതി വന്നാല്‍ നിരുത്സാഹപ്പെടുത്തുന്നതാണ് കണ്ടുവരുന്നതെന്നും ഇനി ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Manappatt Foundation bank account opened for Punarjani project'; vigilance report