

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരത്തെ കളം പിടിക്കാനുള്ള ഒരുക്കത്തിൽ ബിജെപി. ഏപ്രിൽ രണ്ടാം വാരം കേരളത്തിൽ നിയമസഭാ തെരഞ്ഞടുപ്പുണ്ടാകും എന്ന സൂചനകൾക്കിടെയാണ് സംസ്ഥാനത്തെ 34 എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളം പിടിക്കാൻ ബിജെപി ഒരുങ്ങുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടടിസ്ഥാനത്തിൽ ബിജെപി ഒന്നാമതെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം. നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും. ബിജെപി മുന്നേറ്റം നടത്തിയ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് അല്ലെങ്കിൽ വേറെങ്ങും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ എന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ തിരുവനന്തപുരം ജില്ലയിൽ നാല് സീറ്റുകൾ നേടിയെടുക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ആർ ശ്രീലേഖയെ സമവായത്തിൻ്റെ ഭാഗമായി വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം നേരത്തെ നീക്കം നടത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ശ്രീലേഖയെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു ഈ നീക്കം. എന്നാൽ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനുള്ള നീക്കത്തോട് ശ്രീലേഖ അനുകൂലമായല്ല ഇതുവരെ പ്രതികരിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഈ മാസം അവസാനത്തോടെ ബിജെപി പ്രതീക്ഷ പുലർത്തുന്ന 34 എ ക്ലാസ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ 40,000ത്തിനും 45,000ത്തിനും ഇടയിൽ വോട്ട് നേടിയ ഒൻപത് മണ്ഡലങ്ങളിൽ അതീവ ശ്രദ്ധനൽകി പ്രവർത്തിക്കാനാണ് ബിജെപി നീക്കം. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, അരൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നവ. 35,000ത്തിനും 40,000ത്തിനും ഇടയിൽ വോട്ട് നേടിയ 12 മണ്ഡലങ്ങളും ബിജെപിയുടെ പട്ടികയിൽ ഉണ്ട്. 30000ത്തിനും 40000ത്തിനും ഇടയിൽ വോട്ട് നേടിയ 13 മണ്ഡലങ്ങളും എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്.
Content Highlights: The Bharatiya Janata Party (BJP) is planning to fast-track candidate declarations for the upcoming Kerala Legislative Assembly elections, expected in April 2026