KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

'കേരളത്തിന്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോർഡ് വരുമാനം'

KSRTC റെക്കോർഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി 5ന് കെഎസ്ആർടിസി 13.01 കോടി രൂപ പ്രതിദിന ടിക്കറ്റ് വരുമാനം നേടിക്കൊണ്ട്‌ സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോർഡ് വരുമാനമെന്ന് മുഖ്യമന്ത്രി പറയുന്നു.

പൊതുമേഖലയുടെ സംരക്ഷണം, ചിട്ടയായ പ്രവർത്തനം, ആധുനികവൽക്കരണം, ഏകോപിത പരിശ്രമം എന്നിവയാണ് വിജയകാരണമെന്ന് മുഖ്യമന്ത്രി കുറിപ്പിൽ കുറിച്ചു. രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. കെഎസ്ആർടിസിയുടെ 83 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാർഗറ്റുകൾ കൃത്യമായി പൂർത്തിയാക്കാൻ ഡിപ്പോകൾക്ക് സാധിച്ചു. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കാരങ്ങളും പുതിയ ബസുകളുടെ വരവും ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങൾക്ക് കെഎസ്ആർടിസിയിലുള്ള വിശ്വാസ്യത വർധിപ്പിച്ചു. സർക്കാരിന്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസർമാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി പറയുന്നു.

നേട്ടത്തിനായി പ്രയത്‌നിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിച്ച മുഖ്യമന്ത്രി, പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിതെന്നും കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂർണ്ണരൂപം...

നവകേരള നിർമ്മിതിയുടെ പാതയിൽ മറ്റൊരു ഉജ്ജ്വലമായ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി. കേരളത്തിന്റെ പൊതുഗതാഗത സംവിധാനം തകരുകയാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് കെഎസ്ആർടിസി കൈവരിച്ച സർവ്വകാല പ്രതിദിന റെക്കോർഡ് വരുമാനം.
ജനുവരി 5, 2026-ൽ കെഎസ്ആർടിസി നേടിയ വരുമാനം 13.01 കോടി രൂപയാണ്. ഇതിൽ ടിക്കറ്റ് വരുമാനം മാത്രം 12.18 കോടി രൂപ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുന്നു. 2025 സെപ്റ്റംബർ എട്ടിന് കൈവരിച്ച 10.19 കോടി രൂപ എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ടിക്കറ്റിതര വരുമാനമായി 83.5 ലക്ഷം രൂപയും ഇതിനോടൊപ്പം സമാഹരിക്കാൻ സാധിച്ചു.
ഈ വിജയത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്:
പൊതുമേഖലയുടെ സംരക്ഷണം : രാജ്യമെമ്പാടും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുമ്പോൾ, അവയെ ചേർത്തുപിടിച്ച് ലാഭകരമാക്കുക എന്ന ബദൽ നയമാണ് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നത്.
ചിട്ടയായ പ്രവർത്തനം : കെഎസ്ആർടിസിയുടെ 83 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ് എന്നത് അഭിമാനകരമാണ്. നിശ്ചയിച്ച ടാർഗറ്റുകൾ കൃത്യമായി പൂർത്തിയാക്കാൻ ഡിപ്പോകൾക്ക് സാധിച്ചു.
ആധുനികവൽക്കരണം: നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കിയ കാലോചിതമായ പരിഷ്‌കാരങ്ങളും, പുതിയ ബസുകളുടെ വരവും, ഓഫ്-റോഡ് ബസുകളുടെ എണ്ണം കുറച്ചതും ജനങ്ങൾക്ക് കെഎസ്ആർടിസിയിലുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചു.
ഏകോപിത പരിശ്രമം: സർക്കാരിന്റെ പുരോഗമനപരമായ ആശയങ്ങളും ജീവനക്കാരുടെയും ഓഫീസർമാരുടെയും അശ്രാന്തമായ അധ്വാനവുമാണ് ഈ നേട്ടത്തിന് അടിത്തറ പാകിയത്.
അഴിമതിരഹിതവും ജനപക്ഷത്തു നിൽക്കുന്നതുമായ വികസന മാതൃകയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കെഎസ്ആർടിസിയെ പൂർണ്ണമായും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം അടുക്കുന്നു. ഈ നേട്ടത്തിനായി പ്രയത്‌നിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ നെഞ്ചേറ്റുന്ന കേരളത്തിലെ ജനങ്ങളുടെ നേട്ടം കൂടിയാണിത്..
നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

Content Highlights:‌ cm pinarayi vijayan reacts on KSRTC record revenue

dot image
To advertise here,contact us
dot image