മോഷ്ടിക്കാൻ കയറി; എക്‌സ്‌ഹോസ്റ്റ് ഫാനിൻ്റെ ദ്വാരത്തിൽ കുടുങ്ങി കള്ളൻ,പുറത്തെടുത്ത് അറസ്റ്റ് ചെയ്ത് പൊലീസ്

ദ്വാരത്തിൽനിന്ന് പുറത്തേക്ക് വലിക്കുമ്പോൾ വേദനകൊണ്ട് കള്ളൻ കരയുന്നതും ദൃശ്യങ്ങളിൽ കാണാം

മോഷ്ടിക്കാൻ കയറി; എക്‌സ്‌ഹോസ്റ്റ് ഫാനിൻ്റെ ദ്വാരത്തിൽ കുടുങ്ങി കള്ളൻ,പുറത്തെടുത്ത് അറസ്റ്റ് ചെയ്ത് പൊലീസ്
dot image

ജയ്പൂര്‍: മോഷണത്തിനായി എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കള്ളന്‍ കുടുങ്ങി. രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ് കള്ളന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിൽ കുടുങ്ങിയത്.

സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഭാഷും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ വന്നപ്പോഴാണ് കള്ളന്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തലയുടെ ഭാഗം അകത്തും കാല്‍ പുറത്തുമായി തൂങ്ങിക്കിടക്കുന്ന കള്ളനെ കണ്ട് സുഭാഷിന്റെ ഭാര്യ അലറി വിളിക്കുകയായിരുന്നു.

ഭാര്യയുടെ നിലവിളി കേട്ടെത്തിയ സുഭാഷ് നിങ്ങള്‍ എന്താണവിടെ ചെയ്യുന്നതെന്ന് മോഷ്ടാവിനോട് ചോദിച്ചു. താന്‍ മോഷ്ടിക്കാൻ കയറിയതാണെന്നും തന്റെ കൂട്ടാളികള്‍ തൊട്ടപ്പുറത്തു തന്നെ ഉണ്ടെന്നും തുറന്നുപറഞ്ഞു. തന്നെ വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ ദോഷം സംഭവിക്കുമെന്നും കുടുങ്ങിക്കിടക്കുന്നതിനിടെ കള്ളന്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടുടമസ്ഥന്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കള്ളനെ ദ്വാരത്തിൽനിന്ന് പുറത്തെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദ്വാരത്തിൽനിന്ന് പുറത്തേക്ക് വലിക്കുമ്പോൾ വേദനകൊണ്ട് കള്ളൻ കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

പുറത്തെടുത്ത കള്ളനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൂതൽ വിവരങ്ങൾക്കായി ചോദ്യംചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ കുടുങ്ങിയതിനു പിന്നാലെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടിരുന്നു. മോഷ്ടാക്കളെത്തിയ കാർ പൊലീസ് പിടിച്ചെടുത്തു. പൊലീസ് എന്ന സ്റ്റിക്കർ ഒട്ടിച്ചായിരുന്നു ഇവർ കാറിൽ സഞ്ചരിച്ചിരുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Content Highlight : A thief was caught trying to enter a house through a hole used to install an exhaust fan for the purpose of theft.

dot image
To advertise here,contact us
dot image