'ആഗോള കൊള്ളക്കാരനായി അമേരിക്ക മാറി,ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരണം';മഡുറോയെ ബന്ദിയാക്കിയതിൽ സ്വരാജ്

സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതില്‍ അമേരിക്കന്‍ ജനത ലജ്ജിക്കുന്നുണ്ടാവുമെന്നും സ്വരാജ്

'ആഗോള കൊള്ളക്കാരനായി അമേരിക്ക മാറി,ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരണം';മഡുറോയെ ബന്ദിയാക്കിയതിൽ സ്വരാജ്
dot image

തിരുവനന്തപുരം: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെനസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് എം സ്വരാജ് പറഞ്ഞു. അതിനുവേണ്ടി ഒരു കഴുകനെപ്പോലെ വെനസ്വേലക്കുമേല്‍ അമേരിക്ക വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'നീചമായ അമേരിക്കന്‍ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡുറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. കോടിക്കണക്കിന് ഡോളര്‍ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ച അമേരിക്ക പലവട്ടം ഇളിഭ്യരായതാണ്. ഇപ്പോഴിതാ നേരിട്ട് ഭീകരാക്രമണം നടത്തിയിരിക്കുന്നു. മഡുറോയെ പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്നു', അദ്ദേഹം പറഞ്ഞു.

ആയുധബലം കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നുവെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതില്‍ അമേരിക്കന്‍ ജനത ലജ്ജിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈമണ്‍ ബൊളിവറിന്റെയും ഹ്യൂഗോ ഷാവേസിന്റെയും വീരപൈതൃകമുയര്‍ത്തി ഈ നിമിഷം വരെയും കൊള്ളക്കാര്‍ക്കെതിരെ പൊരുതിനിന്ന മഡുറോയ്ക്ക് അഭിവാദനങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോഴും പൊരുതുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്ക് അഭിവാദനങ്ങള്‍. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ കൊള്ളക്കാരല്ല പൊരുതിനിന്ന യോദ്ധാക്കളാണ്. സ്വതന്ത്ര രാഷ്ട്രമായ വെനസ്വേലയെ എണ്ണസമ്പത്ത് കൊള്ളയടിക്കാനായി ആക്രമിക്കുകയും പ്രസിഡന്റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കന്‍ ഭീകരതയ്‌ക്കെതിരെ, ഭൂമിയോളം വലിയ ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണം', എം സ്വരാജ് ആവശ്യപ്പെട്ടു.

നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. വെനസ്വേലയില്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയെന്നും മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കന്‍ നിയമനിര്‍വഹണ വകുപ്പുമായി ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

മഡുറോ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്ന് ആരോപിച്ച് മാസങ്ങളായി ട്രംപ് മഡുറോയെ വേട്ടയാടിയിരുന്നു. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള നേരിട്ടുള്ള ഒരു കടന്നുകയറ്റം ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തിയിരിക്കുന്നത്. അമേരിക്കയുടെ പ്രത്യേക സൈനിക സംഘമാണ് മഡുറോയെ ബന്ദിയാക്കിയതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്ളോറിഡയിലെ മാര്‍-എ- ലാഗോയില്‍ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Content Highlights: CPIM leader M Swaraj responded to reports concerning the detention of Venezuelan President Nicolás Maduro by the United States

dot image
To advertise here,contact us
dot image