

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഐഎം - കോൺഗ്രസ് പരസ്പരം സഹകരണം ഉണ്ടായെന്ന് ബിജെപി നേതാവ് എംടി രമേശ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എസ്‌ഐടി അന്വേഷണത്തിൽ പരിമതികൾ മുമ്പ് തന്നെ വ്യക്തമായതിനാൽ സംഭവം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയപരമായ നടപടികൾ സ്വീകരിക്കുമെന്നും വിശ്വാസികളെ ഉൾപ്പെടുത്തി സമരം നടത്തുമെന്നും എംടി രമേശ് വ്യക്തമാക്കി. സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പുറമേ മകര സംക്രമ ദിനത്തിൽ ശബരിമല സംരക്ഷണ ദീപം വീടുകളിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 11ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ബിജെപി സ്ഥാനാർഥികൾക്ക് ചടങ്ങിൽ സ്വീകരണം നൽകും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം കുറഞ്ഞിട്ടില്ലെന്നും 2020ൽ 14% ആയിരുന്നത് ഇത്തവണ 15% ആയി ഉയരുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും ബോധപൂർവം ശ്രമിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പലയിടത്തും ഈ സഹകരണം ഉണ്ടായെന്നും എംടി രമേശ് പറഞ്ഞു. ബിജെപിയെ മാറ്റി നിർത്താൻ എൽഡിഎഫും യുഡിഎഫും ഒരു മുന്നണിയായി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എംടി രമേശ് പിന്തുണച്ചു. തീവ്രവാദി പരാമര്‍ശം അദ്ദേഹത്തിന്റെ ബോധ്യത്തില്‍ പറഞ്ഞതാകുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പദവിയൊന്നുമില്ലല്ലോയെന്നും എംടി രമേശ് ചോദിച്ചു.
Content Highlights: sabarimala gold theft case bjp m t ramesh raises demand for cbi probe