

വാഷിംഗ്ടണ്‍: വെനസ്വേല്ന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ക്രൂരനാണെന്നും അദ്ദേഹത്തിന്റെ അറസ്റ്റ് ഒരു തത്സമയ ടെലിവിഷന്‍ ഷോ പോലെ കണ്ടുവെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകത്തിലെ മറ്റൊരു രാജ്യത്തിനും ഇതുപോലൊരു തന്ത്രം പ്രയോഗിക്കാന്‍ കഴിയില്ലെന്നും അമേരിക്കന്‍ സേന ചെയ്തത് അവിശ്വസനീയമായ ജോലിയാണെന്നും ട്രംപ് പറഞ്ഞു. മികച്ച പരിശീലനത്തിന് ശേഷം നടത്തിയ ഓപ്പറേഷനാണിത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് കുറച്ച് പേര്‍ക്ക് പരിക്കേറ്റുവെങ്കിലും ആരും കൊല്ലപ്പെട്ടിട്ടില്ല. ഒരു കോട്ട പോലെയുള്ള വീട്ടിലായിരുന്നു മഡുറോയും ഭാര്യയും. അതിന് ശക്തമായ സ്റ്റീല്‍ വാതിലുകളുണ്ടായിരുന്നു. വെനിസ്വേലയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് ഇരുവരെയും പുറത്തേക്ക് എത്തിച്ചത്. ന്യൂയോര്‍ക്കിലേക്ക് എത്തിക്കുന്നതിനായി യുദ്ധകപ്പലിലേക്ക് മാറ്റിയെന്നും ട്രംപ് പറയുന്നു.
അധികാരം നിലനിര്‍ത്താനായി സ്വന്തം രാജ്യത്തെ ആളുകളെ പോലും മഡുറോ കൊന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ മഡുറോയെ തിങ്കളാഴ്ച ഹാജരാക്കിയേക്കും. അതേസമയം മെക്‌സിക്കോയ്ക്കും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലഹരി കാര്‍ട്ടലുകളാണ് മെക്‌സിക്കോയെ നയിക്കുന്നതെന്നാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിനെതിരെ ട്രംപിന്റെ ആരോപണം. ഷെയിന്‍ബോം മെക്‌സിക്കോയെ നയിക്കുന്നില്ല. ലഹരി കാര്‍ട്ടലുകളെ ഷെയിന്‍ബോമിന് ഭയമാണെന്നും ട്രംപ് പറയുന്നു.
ഞങ്ങള്‍ ഒരു മുറിയില്‍ നിന്ന് നോക്കി കാണുകയായിരുന്നു. ജനറല്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒപ്പമുണ്ടായിരുന്നു. വളരെ സങ്കീര്‍ണമായ ഓപ്പറേഷനായിരുന്നു. എല്ലാം തകര്‍ത്ത് അവിടേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. പ്രത്യേകം സ്ഥാപിച്ച സ്റ്റീല്‍ വാതിലുകള്‍ തകര്‍ത്ത് സെക്കന്റുകള്‍ക്ക് ഉള്ളില്‍ അവരെ പുറത്തെത്തിച്ചു. ഇതിനുമുമ്പ് ഇങ്ങനൊന്ന് കണ്ടിട്ടില്ലെന്നാണ് യുഎസ് സൈനിക നടപടിയെ കുറിച്ച് ട്രംപ് വിശദീകരിച്ചത്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി പാം ബീച്ചിലെ തന്റെ സ്വകാര്യ ക്ലബിലായിരുന്നു. അവിടെയിരുന്നാണ് ട്രംപ് ഓപ്പറേഷന്‍ നടപടികള്‍ വീക്ഷിച്ചത്. യുഎസിന്റെ ഐവോ ജിമ എന്ന യുദ്ധക്കപ്പലില്‍ മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയാണെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്പ് മഡുറോയെ താന്‍ വിളിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ട്രംപ് പറയുന്നു.
Content Highlights: Trump says Maduro is a cruel man and warns Mexico