

തിരുവനന്തപുരം: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രംപിനെ പരിഹസിച്ചായിരുന്നു വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണത്രേ ലക്ഷ്യം..! ആള്‍പിടിയന്മാര്‍..', എന്നായിരുന്നു വിഷയത്തില്‍ ശിവന്‍കുട്ടിയുടെ പ്രതികരണം.
സംഭവത്തില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി. വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ യുഎസ് സൈനികരെയും വെനസ്വേലയില്‍ നിന്ന് പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കുകയും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയെ അനുവദിക്കാതിരിക്കുകയും വേണമെന്ന് സിപിഐഎം പറഞ്ഞു.
നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. അമേരിക്കന്‍ നിയമനിര്‍വഹണ വകുപ്പുമായി ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി. മഡറോ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്ന് ആരോപിച്ച് മാസങ്ങളായി ട്രംപ് മഡുറോയെ വേട്ടയാടിയിരുന്നു. അമേരിക്കയുടെ പ്രത്യേക സൈനിക സംഘമാണ് മഡുറോയെ ബന്ദിയാക്കിയതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ളോറിഡയിലെ മാര്‍-എ- ലാഗോയില്‍ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അതേസമയം ആക്രമണങ്ങളെ ചെറുക്കുമെന്ന് വെനസ്വേല പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ അറിയിച്ചിട്ടുണ്ട്. അതേസമയം മഡുറോയെയും പ്രഥമ വനിത കിലിയ ഫ്‌ളോര്‍സിന്റെയും ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. ഇരുവരും ജീവനോടെയുണ്ടെന്നതിന്റെ തെളിവ് തങ്ങള്‍ക്ക് ഉടനടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വെനസ്വലയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ ആക്രമണം അപലപനീയമാണെന്നും അഖണ്ഡതയിലേക്കുള്ള കടന്നുകയറ്റമാണ് അമേരിക്ക നടത്തിയതെന്നും ഇറാന്‍ പ്രതികരിച്ചു.
മഡുറോയെ ബന്ദിയാക്കുന്നതിന് മുമ്പ് വെനസ്വേലയില്‍ അമേരിക്ക കനത്ത ആക്രമണങ്ങളാണ് നടത്തിയത്. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഇതേ തുടര്‍ന്ന് മഡുറോ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് നിക്കോളാസ് മഡുറോ ആരോപിച്ചിരുന്നു. പിന്നാലെയാണ് മഡുറോയെ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
Content Highlights: V Sivankutty and CPIM condemned detention of Venezuelan President Nicolás Maduro They described the act as unacceptable and raised concerns over international law and sovereignty