

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് ചില താരങ്ങളുടെ അസാന്നിധ്യമായിരുന്നു. കഴിഞ്ഞ പരമ്പരയ്ക്ക് ഇല്ലെങ്കിലും ആഭ്യന്തര സീസണിലെ തുടർച്ചയായ പ്രകടനങ്ങൾ കൊണ്ട് ടീമിൽ ഇടം നേടിയേക്കും എന്ന സൂചനകൾ നൽകിയിരുന്ന താരങ്ങളുടേതാണ് അത്.
അതിൽ ആദ്യ പേര് ഷമിയുടേതാണ്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മിന്നും പ്രകടനം കാഴ്ച വെച്ച ഷമിയെ ടീമിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഒടുവിൽ പക്ഷെ പേസർമാരായി , മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, എന്നിവരെയും ബാക്ക് അപ്പ് ആയി നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ് എന്നിവരെയുമാണ് പരിഗണിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം കാഴ്ച വെച്ച ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ എന്നിവർക്കൊന്നും അവസരം ലഭിച്ചില്ല. കഴിഞ്ഞ സീരീസിൽ ടീമിനൊപ്പമുണ്ടായിരുന്ന റുതുരാജ് ഗെയ്കവാദിനാകട്ടെ , അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും സ്ലോട്ട് നഷ്ടമായി.
15 അംഗ ടീമിനെയാണ് ഇന്ന് ബി സി സി ഐ പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരിച്ചെത്തി. പരിക്കേറ്റ് കഴിഞ്ഞ പരമ്പരയിൽ പുറത്തായിരുന്ന ശ്രേയസ് ബി സി സി ഐ യുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിന് പിന്നാലെയാണ് ടീമിൽ തിരിച്ചെത്തിയത്.
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.
Content highlights:; domestic cricket shine players rejected for indian team vs nz