IFFK സിനിമാ വിവാദം: ബ്യൂറോക്രസിയുടെ കാലതാമസം ഉണ്ടായി; ഐ&ബി ആദ്യം പറഞ്ഞത് പിന്നീട് മാറ്റി: റസൂല്‍ പൂക്കുട്ടി

ആറ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയാത്തത് ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണെന്നും റസൂൽ പൂക്കുട്ടി

IFFK സിനിമാ വിവാദം: ബ്യൂറോക്രസിയുടെ കാലതാമസം ഉണ്ടായി; ഐ&ബി ആദ്യം പറഞ്ഞത് പിന്നീട് മാറ്റി: റസൂല്‍ പൂക്കുട്ടി
dot image

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത വിവാദത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ബ്യൂറോക്രസിയുടെ കാലതാമസമുണ്ടായെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് ലഭിച്ച മെയിലിൽ പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. വിഷയത്തിൽ കേരള സർക്കാർ ഒറ്റ രാത്രി കൊണ്ട് നിലപാടെടുത്തു. അതുകൊണ്ടാണ് ബാക്കി സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം 187 സിനിമകൾക്കും അനുമതി നൽകിയില്ലെന്നും തന്റെ വ്യക്തിപരമായ ഇടപെടൽ മൂലമാണ് അവസാന നിമിഷം അനുമതി ലഭിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

ആറ് സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയാത്തത് ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ സിനിമകളുടെ സംവിധായകരെ കൊണ്ടുവരാതെ സിനിമ പ്രദർശിപ്പിക്കാനാകില്ല. വിദേശകാര്യ നയവുമായി ബന്ധപ്പെട്ട വിഷയത്തിൽ നമ്മൾ എതിരായിട്ട് പോകണോയെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി അത് വിട്ടുകളയൂ എന്നും റസൂൽ പൂക്കുട്ടി അഭ്യർത്ഥിച്ചു.

മേള നടക്കുന്ന സമയത്ത് ചെയർമാൻ സ്ഥലത്തില്ലാത്തതിനെച്ചൊല്ലി ഉണ്ടായ വിവാദത്തിലും റസൂൽ പൂക്കുട്ടി പ്രതികരിച്ചു. തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. വെർച്വലായി ഒരോ നിമിഷവും മേളയുടെ സംഘാടനത്തിൽ താൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ കേരളം മുഴുവൻ അവൾക്കൊപ്പമാണെന്നും പിടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തിൽ അക്കാദമി വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കാലതാമസമില്ലാതെ നടപടിയെടുത്തുവെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.

19 സിനിമകൾക്കാണ് ഐഎഫ്എഫ്‌കെയിൽ പ്രദർശനാനുമതി നിഷേധിച്ചത്. എന്നാൽ ഈ സിനിമകളെല്ലാം പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും നിലപാടെടുത്തിരുന്നു. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മേളയുടെ പാമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സിനിമകള്‍ക്ക് പ്രദര്‍ശിപ്പിക്കാനുളള അനുമതി നിഷേധിച്ചത്. പലസ്തീന്‍ പ്രമേയമായതും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകള്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുളളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

Content Highlights: rasool pookutty on why 19 films were not able to screen at IFFK 25

dot image
To advertise here,contact us
dot image