

പുതുവർഷം പിറക്കുമ്പോൾ ടോൾ പ്ലാസയിലൂടെ യാത്രചെയ്യുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പക്ഷേ ഇത് പൂർണമായും നടപ്പാക്കുക 2026 അവസാനത്തോടെയാകും. പറഞ്ഞുവരുന്നത്, രാജ്യത്തുടനീളമുള്ള 1050 ടോൾ പ്ലാസകളിൽ കൂടിയും യാതൊരുവിധ തടസുമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന തടസരഹിത ടോൾ പിരിവ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അത്യാധുനികമായ എഐ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സംവിധാനം വരുന്നതോടെ കാറുകൾക്ക് ഹൈവേകളിൽ കൂടി എൺപത് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.
സാറ്റ്‌ലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ ടോൾ ഫീ സംവിധാനത്തിൽ ഹൈ സ്പീഡ് കാമറകളാണ് ഉപയോഗിക്കുന്നത്. ഇവ നമ്പർപ്ലേറ്റുകളുടെയും ഫാസ്ടാഗ് സ്റ്റിക്കറുകളുടെയും ചിത്രങ്ങൾ വേഗത്തിൽ പകർത്താൻ കഴിയുന്നവയാണ്. ഇതിന് പിന്നാലെ ഈ സംവിധാനം നിങ്ങളുടെ വാഹനവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്നും ടോൾ ഫീ(നികുതി) ഡെബിറ്റാകും. മൾട്ടി - ലെയിൻ - ഫ്രീ ഫ്‌ളോ അഥവാ MLFF എന്നാണ് ഈ ടോൾ സംവിധാനത്തെ വിളിക്കുന്നത്. പക്ഷേ രണ്ട് ടോൾ പ്ലാസകൾക്കിടയിൽ അമിതവേഗതയിൽ സഞ്ചരിച്ചാൽ പിഴ നൽകേണ്ടിയും വരും. പുതിയ സംവിധാനം വരുന്നതോടെ ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകും.
അതേസമയം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലോഞ്ച് ചെയത ഫാസ്ടാഗ് ആനുവൽ പാസ് വഴി സ്വകാര്യ വാഹന ഉടമകളുടെ യാത്രാനുഭവും മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. നാൽപത് ലക്ഷത്തിലധികം സ്വകാര്യ കാർ ഉടമകളാണ് ഫാസ്ടാഗ് ആനുവൽ പാസ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. ഈ പാസ് ഉപയോഗിച്ച് 200 ടോൾ പ്ലാസകൾ കടക്കാനാണ് വാഹനങ്ങൾക്ക് അനുമതി. മാത്രമല്ല, നിരന്തരം ഹൈവേകൾ ഉപയോഗിക്കുന്നവർക്ക് കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യും.
MLFF സംവിധാനം വരുന്നതോടെ 1500 കോടിയുടെ ഇന്ധന ലാഭമാണ് ഉണ്ടാകുന്നത്. കൂടാതെ ടോൾ റെവന്യു ആറായിരം കോടിയായി ഉയരും. പുതിയ സംവിധാനം വരുന്നതോടെ ടോൾ പിരിവ് സുതാര്യമാകുന്നതിനൊപ്പം അഴിമതി കുറയ്ക്കുകയും ചെയ്യും. വാഹനം വിൽക്കുമ്പോഴോ രജിസ്‌ട്രേഷൻ പുതുക്കുമ്പോഴോ വാഹന ഉടമകൾ കുടിശ്ശിക വരുത്തിയിട്ടുള്ള അടവുകളെല്ലാം തീർക്കാൻ ആവശ്യപ്പെടുന്ന ഒരു സംവിധാനമാണ് പുതിയതായി സജ്ജീകരിച്ചിരിക്കുന്നതെന്നും ഇതിൽ അടയ്ക്കാത്ത ടോൽ ഫീസും ഇ ചെലാനും അടക്കം ഉൾപ്പെടുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
'റോഡുകളുടെ ഗുണനിലവാരത്തിൽ കർശനമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ദേശീയപാതയുടെ ഉത്തരവാദിത്തം മാത്രമാണ് ഞങ്ങൾക്കുള്ളത് സംസ്ഥാന ഹൈവേകളുടേതല്ല. സിറ്റി - റൂറൽ റോഡുകളുടെ ഉത്തരവാദിത്തം എനിക്കില്ല. ഉയർന്നുവരുന്ന എഴുപത് ശതമാനം പ്രശ്‌നവുമായി ഞങ്ങൾക്ക് ബന്ധമില്ല. ദേശീയപാതയുടെ കാര്യത്തിൽ മോശം പ്രവൃത്തി ചെയ്യുന്ന കോൺട്രാക്ടറെ രണ്ട് വർഷത്തേക്ക് ഡീ ബാർ ചെയ്യും. ആവശ്യമെങ്കിൽ കോർപ്പറേറ്റർമാർക്കെതിരെയും സിആർപിസി അനുസരിച്ച് നടപടി സ്വീകരിക്കും. പക്ഷേ ഗുണനിലവാരമില്ലാത്ത പ്രവൃത്തി അംഗീകരിക്കില്ല'- മന്ത്രി വ്യക്തമാക്കി.
Content highlights: You not want to stop at highway toll plaza, Indian Govt to introduce new system