

മുംബൈയുടെ എസി ലോക്കല്‍ ശൃംഖലയുമായി ബന്ധപ്പെട്ട് വമ്പന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഫേസ്3, ഫേസ് 3A എന്നിവയുടെ കീഴില്‍ പുതിയ 238 എസി ലോക്കല്‍ ട്രെയിനുകള്‍ വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുംബൈയുടെ തിരക്കുനിറഞ്ഞ സബര്‍ബന്‍ യാത്രയിലെ തിരക്കുകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രെയിനുകളായിരിക്കും ഇവ. ഒരു കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും അടുത്തതിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വെസ്റ്റിബ്യൂള്‍ കോച്ചുകളാണ് പ്രധാന പ്രത്യേകത. മൃദുവായ സീറ്റുകള്‍, ഡിജിറ്റല്‍ റൂട്ട് ഡിസ്‌പ്ലേ, ഫാസ്റ്റര്‍ ആക്‌സിലറേഷന്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് റെയില്‍വേ യാത്രക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. എസി ലോക്കല്‍ ട്രെയിനുകളുടെ ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ലോക്കല്‍ ട്രെയിനുകളെ നവീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഓരോ ഘട്ടങ്ങളായാകും ഈ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുക. 19, 293 കോടി രൂപയാണ് മുംബൈ അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എസി ആയതിനാല്‍ നിരക്ക് കൂട്ടുമെന്ന പേടിവേണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം മുമ്പ് സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളില്‍ ചെറിയ മാറ്റം വരുത്തി മധ്യറെയില്‍വേയിലും പശ്ചിമ റെയില്‍വേയിലും ഓരോ എസി ലോക്കല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. 1028 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുള്ള ട്രെയിനുകളില്‍ നിന്നും വ്യത്യസ്തമായി പുതിയതായി വരുന്ന ട്രെയിനുകളില്‍ 1116പേര്‍ക്ക് യാത്ര ചെയ്യാം. പുത്തന്‍ ട്രെയിനുകളെത്തുമ്പോള്‍ പത്തു സര്‍വീസുകള്‍ അധികം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. മധ്യ - പശ്ചിമ റെയില്‍വേകളില്‍ മുഴുവന്‍ 19 എസി ട്രെയിനുകളാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കൂടാതെയാണ് ഓരോ ട്രെയിനുകള്‍ കൂടി ഉടന്‍ വരുന്നത്. പശ്ചിമ റെയില്‍വേയുടെ ഭാഗമായ 10 ലോക്കല്‍ ട്രെയിനുകള്‍ എല്ലാ ദിവസവും 109 സര്‍വീസുകള്‍ നടത്തുമ്പോള്‍ മധ്യറെയില്‍വേ 9 ട്രെയിനുകളില്‍ 90 സര്‍വീസുകളാണ് ദിവസേന നടത്തുന്നത്. അതേസമയം പുതുതായി അനുവദിച്ചിരിക്കുന്ന ട്രെയിനുകള്‍ അറ്റകുറ്റപണികള്‍ നടക്കുന്ന സമയത്ത് സ്‌പെയര്‍ ആയി നീക്കിവയ്ക്കണമെന്നൊരു നിര്‍ദേശവും ഉയരുന്നുണ്ട്. എസി ട്രെയിനുകളില്‍ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ നോണ്‍ എസി ട്രെയിനുകളിലാണ് പകരം സര്‍വീസുകള്‍ നടത്തുക. ഇതില്‍ പരാതി ഉയരുന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്ന് വന്നത്. നിലവില്‍ എല്ലാ ലോക്കല്‍ എസി ട്രെയിനുകളും ദൈന്യംദിനം സര്‍വീസ് നടത്തുന്നുണ്ട്.
മുംബൈ സബര്‍ബന്‍ റെയില്‍ ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളും യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്. അപകടങ്ങളും തിക്കുംതിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയതായി അനുവദിച്ച 238 സബര്‍ബന്‍ ട്രെയിനുകളില്‍ ഓട്ടോമാറ്റിക്ക് ഡോര്‍ സിസ്റ്റം തന്നെ കൊണ്ടുവരാനാണ് തീരുമാനം. നിലവില്‍ മുംബൈയില്‍ 120 മെയില്‍ ആന്‍ഡ് എക്‌സ്പ്രസ് ട്രെയിനുകളും 3200 സബ്അര്‍ബന്‍ ലോക്കല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. ഭീമമായ ഗതാഗത സംവിധാനത്തെ ക്രമീകരിക്കാന്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ലോകമാന്യതിലക് ടെര്‍മിനസ് ഡിപോര്‍ട്ട് വിപുലീകരണം, പരേലിലും കല്യാണിലും പുതിയ ആറു വീതം പ്ലാറ്റ്‌ഫോമുകള്‍, പനവേല്‍ കലംബോലി എന്നിവിടങ്ങളില്‍ അഞ്ച് പ്ലാറ്റ്‌ഫോമുകള്‍ വീതം തുടങ്ങിയവയ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
Content Highlights: Mumbai to get 238 new ac local trains and platforms