

യുഎഇ സ്വദേശികൾക്കിടയിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 10 വർഷത്തിനിടയിൽ 13.55 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രതിസന്ധി മറികടക്കാനും യുവകുടുംബങ്ങളെ പിന്തുണയ്ക്കാനും വിപുലമായ പദ്ധതികളുമായി യുഎഇ സർക്കാർ രംഗത്തുണ്ട്.
2014-ൽ 34,618 ആയിരുന്ന നവജാത ശിശുക്കളുടെ എണ്ണം. 2023-ൽ 29,926 ആയി കുറഞ്ഞു. ജീവിതച്ചെലവ് വർദ്ധിക്കുന്നതും ഉയർന്ന ജീവിതനിലവാരം നിലനിർത്താനുള്ള ആഗ്രഹവുമാണ് പല കുടുംബങ്ങളെയും ചെറിയ കുടുംബം എന്ന തീരുമാനത്തിലേക്ക് നയിക്കുന്നത്. വീട്, വിദ്യാഭ്യാസം, നിത്യോപയോഗ ചെലവുകൾ എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്.
ജോലിഭാരവും സമയക്കുറവുമാണ് മറ്റൊരു പ്രധാന വെല്ലുവിളി. മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികളെ വളർത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഗർഭധാരണം വൈകിപ്പിക്കാൻ പലരെയും പ്രേരിപ്പിക്കുന്നു. കൂടാതെ, പഠനത്തിനും കരിയറിനുമായി വിവാഹം വൈകിപ്പിക്കുന്നത് സ്ത്രീകളിൽ ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾക്കും ഗർഭധാരണ സാധ്യത കുറയുന്നതിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യം നേരിടാൻ 'മിനിസ്ട്രി ഓഫ് ഫാമിലി'യുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്. വിവാഹച്ചെലവ് കുറയ്ക്കുന്നതിനായി സമൂഹ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നുണ്ട്. കുടുംബങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് 2026-നെ 'കുടുംബ വർഷമായി' പ്രഖ്യാപിച്ച യുഎഇ, വരും വർഷങ്ങളിൽ കൂടുതൽ സഹായ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുകയാണ്.
Content Highlights: UAE citizen birth rate drops 13.5% as total population births continue to rise