ഹോളിഡേയില്‍ ഹൃദയത്തെ മറക്കല്ലേ! എന്താണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം, ലക്ഷണങ്ങളറിയാം

നെഞ്ചുവേദനയോ മറ്റ് ബുദ്ധിമുട്ടുകളോ തള്ളിക്കളയരുത്

ഹോളിഡേയില്‍ ഹൃദയത്തെ മറക്കല്ലേ! എന്താണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം, ലക്ഷണങ്ങളറിയാം
dot image

ശൈത്യകാലം എത്തുമ്പോഴേ അവധിദിനങ്ങള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാകും മിക്കവരും. എന്നാല്‍ ക്രിസ്മസിനും പുതുവര്‍ഷത്തിനുമിടയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതെന്ന് യുഎസ് ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം എന്നാല്‍ ഒരു അസുഖമല്ല. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ ഒരു കൂട്ടത്തെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോമിന്റെ പരിധിയില്‍ വരുന്നത് ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഹാര്‍ട്ട് ഫെല്യര്‍, മൈക്രോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന ഹൃദയാഘാതം എന്നിവയെല്ലാമാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ മുന്‍ വോളന്റിയര്‍ ആയിരുന്ന ഡോ കെയ്ത്ത് ചര്‍ച്ച് വെല്‍ പറയുന്നത് ആരോഗ്യ പ്രശ്‌നങ്ങളുടെ ഒരു നിരയാണ് ഈ അവസ്ഥയെന്നാണ്.

ഹൃദയ താളത്തില്‍ മാറ്റം വരും, ചിലപ്പോള്‍ വളരെ വേഗത്തില്‍ ഹൃദയിടിക്കാന്‍ തുടങ്ങും. ഇത് ക്ഷീണത്തിനും തലകറക്കത്തിനും ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും എത്തിക്കും. ചിലപ്പോള്‍ പക്ഷാഘാതം സംഭവിച്ചെന്നും വരാം. ഈ അവസ്ഥയെയാണ് ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന് പറയുന്നത്. അമിതമായ രീതിയിലുള്ള മദ്യപാനമാണ് അവധിക്കാലങ്ങളില്‍ ഈ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കാന്‍ പ്രധാന കാരണം. ഡിസംബറിലും ജനുവരിയിലുമാണ് ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തണുത്ത കാലാവസ്ഥയാണ് മറ്റൊരു അപകടം. തണുപ്പ് കാലത്ത് വാസോകണ്‍സ്ട്രിക്ഷന്‍ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജനായ ഡോ ജെറമി ലണ്ടന്‍ പറയുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും. ശരീരത്തിന്റെ താപനില സംരക്ഷിക്കാനായി രക്തകുഴലുകള്‍ ചുരുങ്ങും. ഇതോടെ രക്തസമ്മര്‍ദത്തിനൊപ്പം ഹൃദയത്തിലെ സമ്മര്‍ദവും കൂടുന്ന അവസ്ഥയാണിത്. അവധിക്കാലങ്ങളിലുള്ള സമ്മര്‍ദം, അമിതമായ ഭക്ഷണം, വ്യായാമകുറവ് എന്നിവ രക്തസമ്മര്‍ദം കൂട്ടാനും ഹൃദയം പ്രശ്‌നത്തിലാവാനും ഇടയാക്കും.

Also Read:

ഹൃദയസംബന്ധമായ അസുഖമുള്ളവരാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. കാര്‍ഡിയോ വാസ്‌കുലാര്‍, കോറോണറി അസുഖങ്ങള്‍ അല്ലെങ്കില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്നീ അവസ്ഥയിലുള്ളവര്‍ ശ്രദ്ധിക്കണം. കൂടാതെ രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, അമിതമായ കൊളസ്‌ട്രോള്‍ എന്നീ അസുഖമുള്ളവർ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ശ്രദ്ധിക്കണം.

നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടക്കരുതെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നെഞ്ചുവേദനയോ മറ്റ് ബുദ്ധിമുട്ടുകളോ തള്ളിക്കളയരുത്. മടിപിടിച്ചിരിക്കാതെ ശരീരം അനങ്ങുന്ന പ്രവര്‍ത്തികള്‍ ചെയ്യണം, മദ്യപാനം കുറയ്ക്കണം, സമ്മർദം കൈകാര്യം ചെയ്യണം, മാത്രമല്ല മതിയായി ഉറങ്ങുകയും ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ മനസിലാക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധര്‍ അവധിക്കാലം ആഘോഷമാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Content Highlights: Holiday Heart Syndrome commonly seen in Winter symptoms

dot image
To advertise here,contact us
dot image