

സംഗീത സംവിധായകനായി കൂടി തിളങ്ങിയ അഭിനേതാവാണ് വിനായകൻ. നടൻ അഭിനയിച്ച കമ്മട്ടിപ്പാടം, ട്രാൻസ് എന്നീ ചിത്രങ്ങളിൽ ഓരോ പാട്ട് വീതം വിനായകൻ സംഗീതം നൽകിയിരുന്നു. ട്രാൻസിലേത് ടൈറ്റിൽ ട്രാക്ക് ആയിരുന്നെങ്കിൽ കമ്മിട്ടിപ്പാടത്തിലെ 'പുഴു പുലികൾ' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമായിരുന്നു.
എന്നാൽ സിനിമകൾക്കായി പാട്ടോ സംഗീതസംവിധാനമോ നിർവഹിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് പറയുകയാണ് വിനായകൻ ഇപ്പോൾ. സിനിമയ്ക്കായി പാട്ടുകൾ ചെയ്യുമ്പോൾ സംഗീതസംവിധായകന് പരിപൂർണ സ്വാതന്ത്ര്യമില്ലെന്നാണ് വിനായകൻ പറയുന്നത്. വലിയ ക്ഷമ വേണ്ട ജോലിയാണ് ഇതെന്നും അദ്ദേഹം പറയുന്നു. കളങ്കാവൽ സിനിമയുടെ ഭാഗമായി അണിയറപ്രവർത്തകർക്കൊപ്പം റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ സംഗീതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.

'ഞാൻ 56 പാട്ടുകൾ ചെയ്തുവെച്ചിട്ടുണ്ട്. അവ ഇൻഡിപെൻഡന്റായി റിലീസ് ചെയ്യാനാണ് പ്ലാൻ. സിനിമയ്ക്ക് വേണ്ടി ഞാൻ പാട്ടുകൾ ചെയ്യില്ല. അഅതിനുവേണ്ട അത്രയും ക്ഷമ എനിക്കില്ല. കാരണം അവിടെ സിനിമയുടെ സംവിധായകൻ പറയുന്നതാണ് അവസാന വാക്ക്. അത് നമ്മൾ കേൾക്കേണ്ടി വരും. അവിടെ സംഗീത സംവിധായകന് സ്വാതന്ത്ര്യമില്ല. ലോകത്ത് ഏറ്റവും ഈഗോ നിറഞ്ഞവർ സംഗീതജ്ഞരാണെന്ന് തന്നെ ഞാൻ പറയും.
സിനിമയിലെ ഒരു ഫ്രെയിം മാറ്റിയാൽ മ്യൂസിക്കിൽ അടിമുടി മാറ്റേണ്ടി വരും. അത് വളരെ ബുദ്ധിമുട്ടാണ്. സ്വാഭാവിക ഒഴുക്കിനെ ബ്രേക്ക് ചെയ്താണ് സിനിമയുടെ എഡിറ്റ് നടക്കുന്നത്. പക്ഷെ സംഗീതത്തിൽ എപ്പോഴും നമ്മൾ ആ താളം സൂക്ഷിക്കണം. അത് ബ്രേക്ക് ചെയ്യാനാകില്ല,' വിനായകൻ പറയുന്നു.

ഇന്ത്യയിലാണ് പാട്ടുകൾ സിനിമാമേഖലയുമായി ചേർന്നുനിൽക്കുന്നതെന്നും മറ്റിടങ്ങളിലെല്ലാം അവ സ്വതന്ത്രമേഖലയായാണ് നിലനിൽക്കുന്നതെന്ന് സംവിധായകൻ ജിതിൻ കെ ജോസും കൂട്ടിച്ചേർത്തു. കളങ്കാവലിൽ റെഡ് ബാക്ക് എന്ന പാട്ട് എഴുതി സംഗീതം നൽകിയിരിക്കുന്നത് ജിതിനാണ്.
മറ്റ് പാട്ടുകളും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്. ചിത്രത്തിലെ നിലാ കായും എന്ന് തുടങ്ങുന്ന സിന്ധു ഡെൽസൺ പാടിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതാണെന്ന് വിനായകനും അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: Vinayakan says he won't do music for films as it is very constraining task