പാകിസ്താന് ട്രംപിന്റെ സമ്മാനം; F -16 യുദ്ധവിമാനം മിനുക്കാൻ അമേരിക്ക നൽകുന്നത് 686 മില്യൺ ഡോളർ

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവീകരിക്കുക, പ്രവർത്തന സുരക്ഷാ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഈ വിൽപ്പനയുടെ ലക്ഷ്യം

പാകിസ്താന് ട്രംപിന്റെ സമ്മാനം; F -16 യുദ്ധവിമാനം മിനുക്കാൻ അമേരിക്ക നൽകുന്നത് 686 മില്യൺ ഡോളർ
dot image

അടുത്തിടെ പാകിസ്താനുമായി പ്രതിരോധ സഹകരണത്തിലും, സാമ്പത്തിക കാര്യങ്ങളിലും ട്രംപ് നടത്തിയ സഹകരണം നാം കണ്ടതാണ്. ട്രംപിനെ നോബൽ സമ്മാനത്തിന് വരെ നിർദ്ദേശിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടർന്നും പല വിഷയങ്ങളിൽ ട്രംപുമായി സഹകരണം മെച്ചപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്താന്റെ പ്രതിരോധ ശേഖരത്തിലേക്ക് ചേർത്ത് വെച്ച എഫ്-16 യുദ്ധവിമാനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യ നൽകാമെന്ന് ട്രംപ് ഭരണകൂടം ഉറപ്പു നൽകിയിരിക്കുകയാണ്. അതിനായി പാകിസ്താന് 68.6 കോടി ഡോളര്‍ ആണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തത്. ലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റുകൾ, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയാണ് പാകിസ്താന് വേണ്ടി ട്രംപ് നൽകുന്ന സംവിധാനങ്ങൾ.

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവീകരിക്കുക, പ്രവർത്തന സുരക്ഷാ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഈ വിൽപ്പനയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. എഫ്-16 വിമാനങ്ങൾ നിർമ്മിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയായിരിക്കും വിൽപ്പനയുടെ പ്രധാന കരാറുകാരൻ എന്ന് യുഎസ് കോൺഗ്രസിന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (DSCA) അയച്ച കത്തിൽ സൂചിപ്പിച്ചു.

F 16 fighter jet


ഓപ്പറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ഒരു കരാർ ആയതുകൊണ്ട് തന്നെ ഇന്ത്യയും ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ട്രംപിന്റെ ഈ നീക്കം. തങ്ങളിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ യുഎസ് അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അതിന് ശേഷമാണ് പാകിസ്താനുമായുള്ള പുതിയ കരാറിലേക്ക് ട്രംപ് നീങ്ങിയത്. ബ്ലോക്ക്-52, മിഡ് ലൈഫ് അപ്‌ഗ്രേഡ് എഫ്-16 ഫ്ലീറ്റ് എന്നിവ നവീകരിച്ച് പുതുക്കിപ്പണിയുന്നതിലൂടെ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ളതുമായ ഭീഷണികളെ നേരിടാൻ പാകിസ്താന് ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

എന്താണ് കരാർ?

കരാർ അനുസരിച്ച്,അമേരിക്ക വിൽപ്പനയുടെ ആകെ കണക്കാക്കിയ മൂല്യം 686 മില്യൺ ഡോളറാണ്. പ്രധാന പ്രതിരോധ ഉപകരണങ്ങൾക്ക് 37 മില്യൺ ഡോളറും മറ്റ് ഇനങ്ങൾക്ക് 649 മില്യൺ ഡോളറുമാണ് വില. പ്രധാന പ്രതിരോധ ഉപകരണങ്ങൾ എന്ന് പറയുമ്പോൾ- 92 ലിങ്ക്-16 ഡാറ്റ ലിങ്ക് സിസ്റ്റങ്ങളും ആറ് ഇനെർട്ട് എംകെ-82 500 എൽബി ജനറൽ-പർപ്പസ് ബോംബ് ബോഡികളും ഉൾപ്പെടുന്നു. അമേരിക്ക നൽകുന്ന ലിങ്ക് 16 എന്ന സംവിധാനം നാറ്റോ അംഗങ്ങളും മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്ന ഒരു സൈനിക തന്ത്രപരമായ ഡാറ്റ ലിങ്ക് നെറ്റ്‌വർക്കാണ്. സൈനിക വിമാനങ്ങൾ , കപ്പലുകൾ , കരസേന എന്നിവയ്ക്ക് അവരുടെ തന്ത്രപരമായ ചിത്രം ഏതാണ്ട് തത്സമയം കൈമാറാൻ ലിങ്ക് 16nu സാധിക്കും. ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ തിരിച്ചറിയാനും, യുദ്ധസമയത്ത് തത്സമയ വിവരങ്ങള്‍ പങ്കിടാനും ഇത് സഹായിക്കും.

US deal with Pakistan

കരാർ നിലവിൽ വരുന്നതോടെ ഭാവിയില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍, പാക്-യു.എസ് വ്യോമസേനകൾക്ക് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ കഴിയുമെന്നുള്ളതാണ് പ്രത്യേക. ഡിഎസ്സിഎ കത്തിൽ പറയുന്നതനുസരിച്ച്, പാകിസ്താൻ വ്യോമസേനയ്ക്കും യുഎസ് വ്യോമസേനയ്ക്കും ഇടയിൽ യുദ്ധ പ്രവർത്തനങ്ങൾ, അഭ്യാസങ്ങൾ, പരിശീലനം എന്നിവയിൽ കൂടുതൽ തടസ്സമില്ലാത്ത പ്രവർത്തനക്ഷമത നൽകാൻ കരാറിലൂടെ സാധിക്കും. കൂടാതെ 2040 വരെ യുദ്ധവിമാനങ്ങൾക്ക് ആയുസ്സ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 ലെ ബാലകോട്ട് ആക്രമണത്തിന് ശേഷം, പാകിസ്ഥാൻ തങ്ങളുടെ എഫ്-16 വിമാനങ്ങൾ നവീകരിക്കാൻ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും വിമാനങ്ങള്‍ക്കുള്ള സ്‌പെയര്‍ പാര്‍ട്‌സ് പോലും യുഎസ് തടഞ്ഞുവെച്ചിരുന്നു. എന്നാൽ ഇന്ന് ബന്ധം ശക്തിപ്പെട്ട ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങൾക്കും പല കരാറുകളും പുതുക്കികൊണ്ടിരിക്കുകയാണ്.

Content Highlights : US deal of $686 Million with Pakistan

dot image
To advertise here,contact us
dot image