

ന്യൂ ഡൽഹി: ബംഗ്ലാദേശിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ 1971ന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര വെല്ലുവിളിയെന്ന് വിദേശകാര്യ പാർലമെന്ററി സമിതി. ഇന്ത്യ വളരെ സൂക്ഷിച്ച് ഈ വിഷയം കൈകാര്യം ചെയ്യണമെന്നും ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പങ്കും വിഷയത്തിൽ ഉണ്ടെന്നും സമിതി നിരീക്ഷിച്ചു. ശശി തരൂർ ആണ് വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ.
പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്. ബംഗ്ലാദേശിലെ സാഹചര്യം അരാജകത്വത്തിലേക്ക് വഴിമാറില്ല എന്ന് സമിതി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ഉണ്ടായ ഈ സ്ഥിതിഗതികളെ സസൂക്ഷ്മം നിരീക്ഷിക്കണം. 1971ലെ സാഹചര്യം അനിവാര്യതയായിരുന്നെങ്കിൽ ഇപ്പോഴുള്ളത് ഒരു രാഷ്ട്രീയമാറ്റത്തിന്റെയും, ഇന്ത്യയിൽ നിന്ന് അകലുക എന്ന ആവശ്യത്തിന്റെയും ഭാഗമായി ഉണ്ടായതാണ്. ഇന്ത്യ ഈ സാഹചര്യം കൃത്യമായി നിരീക്ഷിച്ച്, വേണ്ട നടപടികൾ എടുക്കണമെന്നും അല്ലെങ്കിൽ ധാക്കയിലെ ഇന്ത്യയുടെ പ്രാമുഖ്യം നഷ്ടപ്പെടും എന്നും സമിതി നിരീക്ഷിക്കുന്നു.
ബംഗ്ലാദേശിലെ ചൈനയുടെയും പാകിസ്താൻ്റെയും വർധിച്ചുവരുന്ന സാന്നിധ്യത്തെയും സമിതി മുന്നറിയിപ്പായി എടുത്തുപറയുന്നുണ്ട്. ബംഗ്ലാദേശിലെ പ്രതിരോധം, വ്യവസായം തുടങ്ങിയ പല മേഖലകളിലും ഇരു രാജ്യങ്ങളുടെയും പങ്ക് വർധിച്ചുവരികയാണ്. മൊൻഗ്ളാ പോർട്ട്, ലാൽമോണിർഹാത് എയർബേസ് തുടങ്ങിയ നിരവധി പദ്ധതികൾ ഉയർത്തിക്കാട്ടിയായിരുന്നു സമിതിയുടെ ഈ നിരീക്ഷണം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചൈനയുടെ ബന്ധവും ഒരു വലിയ ഭീഷണിയായി സമിതി എടുത്തുകാണിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഈ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണം എന്നാണ് സമിതി മുന്നറിയിപ്പ് നൽകുന്നത്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് തിരിച്ചുവന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനവും ഇന്ത്യ നിരീക്ഷിക്കണമെന്നും സമിതി ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾക്കും പിന്നാലെ ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ കേന്ദ്രമാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ അടച്ചത്.
ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനിടെ രാജ്യത്തിന്റെ ആശങ്ക ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായ എം റിയാദ് ഹമീദുളളയെ വിളിച്ചുവരുത്തി അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുളള ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയതിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന സമ്മേളനത്തിലാണ് ഹസ്‌നത്ത് അബ്ദുളള വിവാദ പരാമര്‍ശം നടത്തിയത്.
ഇന്ത്യയോട് ശത്രുതയുളള ശക്തികള്‍ക്കും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും ധാക്ക അഭയം നല്‍കുമെന്നും ഇന്ത്യയുടെ സപ്തസഹോദരി സംസ്ഥാനങ്ങളെ (അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര) ഇന്ത്യയില്‍ നിന്ന് വേര്‍പെടാന്‍ സഹായിക്കുമെന്നും ഹസ്‌നത്ത് അബ്ദുളള പറഞ്ഞിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകള്‍ ബംഗ്ലാദേശിനെ ഒളിത്താവളമാക്കി ഉപയോഗിച്ചതായി ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്‌ലാമി, ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് തുടങ്ങിയ തീവ്രവാദ ശൃംഗലകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ശൃംഗലകള്‍ക്ക് സഹായം നല്‍കിയതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
Content Highlights: parliamentary committee says bangladesh situation very grave, important after 1971