

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിഐ പ്രതാപചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി.
യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് നടപടി. 2024 ജൂണ്‍ 20നായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഷൈമോൾ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയുമാണ് പ്രതാപചന്ദ്രൻ ചെയ്തത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.
സംഭവത്തിൽ ആഭ്യന്തര വകുപ്പിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഐഎമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ആഭ്യന്തരവകുപ്പില്‍ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണെന്നും കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.
ഇതിനിടെ സംഭവത്തിൽ ന്യായീകരണവുമായി മർദിച്ച സിഐ പ്രതാപചന്ദ്രൻ രംഗത്തെത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും വനിതാ ഉദ്യോഗസ്ഥരെയടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നുമായിരുന്നു പ്രതാപചന്ദ്രന്റെ വാദം.
Content Highlights: ci prathapachandrn suspended on assault against women