

പട്ന: യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയ നടപടി വലിയ വിവാദമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷ വർധിപ്പിച്ചു. സംഭവത്തിൽ ജനരോക്ഷം വ്യാപകമായതും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഭീഷണികൾ വന്നുതുടങ്ങിയതോടെയുമാണ് സുരക്ഷ വർധിപ്പിച്ചത്. ഇന്റലിജൻസ് ഏജൻസികളുടെ ഉപദേശ പ്രകാരമാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. ഡിജിപി, സ്പെഷ്യൽ സെക്യൂരിറ്റി ഗ്രൂപ്പിന്റെ തലവൻ എന്നിവർ നിതീഷിന്റെ നിലവിലെ സുരക്ഷ വിലയിരുത്തുകയും വർധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. നിതീഷിന്റെ കാണാനെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും പോകുന്നയിടങ്ങളിൽ പരിശോധനകൾ കർശനമാക്കാനും പൊലീസ് തീരുമാനിച്ചു.
ഡിസംബർ 15നായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെട്ട നിഖാബ് വിവാദം ഉണ്ടായത്. ആയുഷ് സർട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന മുസ്‌ലിം യുവതിയുടെ നിഖാബ് നിതീഷ് കുമാർ വലിച്ചുമാറ്റുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയുന്നത് കാണാം. നിതീഷ് ആദ്യം യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയാണ്. യുവതി പ്രതികരിക്കുന്നതിന് മുൻപ് തന്നെ നിതീഷ് നിഖാബ് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം വലിയ രാഷ്ട്രീയവിവാദത്തിനാണ് തിരികൊളുത്തിയത്.
വിഷയത്തിൽ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് രംഗത്തുവന്നിരുന്നു. 'നിതീഷ് കുമാർ മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ' എന്നായിരുന്നു സഞ്ജയ് നിഷാദിന്റെ പരാമർശം. 'ആളുകൾ വെറുതെ പ്രശ്നമുണ്ടാക്കരുത്. അദ്ദേഹവും ഒരു മനുഷ്യനാണ്. നിഖാബിൽ തൊട്ടതിന് വെറുതെ അയാളെ വേട്ടയാടരുത്. അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിൽ എന്താണ് സംഭവിക്കുക' എന്നായിരുന്നു സഞ്ജയ് നിഷാദ് പറഞ്ഞത്. പരാമർശം വിവാദമായതോടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ വന്നിരുന്നു. പിന്നാലെ സഞ്ജയ് നിഷാദ് വിശദീകരണവുമായി എത്തിയിരുന്നു. താൻ പറഞ്ഞ പശ്ചാത്തലവും സാഹചര്യവും വേറെയായിരുന്നുവെന്നും പൂർവാഞ്ചലിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് എന്നുമായിരുന്നു സഞ്ജയ്‌യുടെ വിശദീകരണം.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വിഷയത്തിൽ യുവതിയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. നിതീഷ് കുമാറിനെ പിന്തുണച്ചുകൊണ്ടാണ് ഗിരിരാജ് സിങ് സംസാരിച്ചത്. നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അപ്പോയിൻമെൻ്റ് ലെറ്റർ വാങ്ങാൻ പോകുമ്പോൾ മുഖം കാണിക്കണ്ടേ എന്നും സിങ് ചോദിച്ചു. ഇത് ഇസ്‌ലാമിക രാഷ്ട്രമല്ലെന്നും ഈ രാജ്യത്ത് ഒരു നിയമമുണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു അധിക്ഷേപ പരാമർശം. 'ഒരാൾ പാസ്‌പോര്‍ട്ട് എടുക്കാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, എയർപോർട്ടിൽ പോകുമ്പോൾ മുഖം കാണിക്കേണ്ടി വരില്ലേ?, ഇത് ഇന്ത്യയാണ്, പാകിസ്താനല്ല. ഇവിടെ ഒരു നിയമമുണ്ട്. അവർ വേണമെങ്കിൽ ജോലി സ്വീകരിക്കട്ടെ അല്ലെങ്കിൽ വല്ല നരകത്തിലും പോകട്ടെ'; എന്നായിരുന്നു ഗിരിരാജ് സിങിന്റെ അധിക്ഷേപ പരാമർശം.
Content Highlights: Secutiy of nitish kumar tightened after niqab row