

കൊച്ചി: ഗര്‍ഭിണിയുടെ മുഖത്തടിച്ച സംവവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സിഐ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ ഇവര്‍ താഴെയെറിയാന്‍ ശ്രമിച്ചതായും സിഐ പറഞ്ഞു.
വനിതാ ഉദ്യോഗസ്ഥരെയടക്കം യുവതി കയ്യേറ്റം ചെയ്തു. സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് പ്രതികരിച്ചത. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നന്നും സിഐ പറഞ്ഞു. ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
എറണാകുളം സ്വദേശിനിയായ ഷൈമോളെയായിരുന്നു സിഐ മര്‍ദിച്ചത്. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വിവരം അന്വേഷിക്കുന്നതിന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷൈമോള്‍. ഭര്‍ത്താവിനെ സ്‌റ്റേഷനില്‍ പൊലീസ് മര്‍ദിക്കുന്നതുകണ്ടാണ് ഇടപെട്ടതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്നും ഷൈമോള്‍ പറഞ്ഞിരുന്നു. വീടിന് സമീപത്തുനടന്ന സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് േൈഷാളുടെ ഭര്‍ത്താവും പറഞ്ഞു. വീടിന് സമീപത്തെ ഒരു സ്ഥാപനത്തില്‍ രണ്ട് പേര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുകയും അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രക്ഷിക്കണം എന്ന് പറഞ്ഞ് അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് താനും ഭാര്യയും അവിടേയ്ക്ക് പോയി. തങ്ങളെ കണ്ട പൊലീസുകാര്‍ അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രശ്‌നമായത്. തൊട്ടടുത്ത ദിവസം എഫ്‌ഐആര്‍ പോലുമിടാതെ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍ പറഞ്ഞത്. സ്റ്റേഷനില്‍ നിന്ന് തങ്ങളുടെ വീട്ടിലേയ്ക്ക് അധികം ദൂരമില്ല. പറഞ്ഞാല്‍ ഹാരജാരാകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യാതൊരു അറിയിപ്പുമില്ലാതെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. തന്നെ പിടിച്ചുകൊണ്ടുപോകുന്നതുകണ്ടാണ് ഷൈമോള്‍ സ്‌റ്റേഷനിലേക്ക് എത്തിയത്. അവള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്നും ഭര്‍ത്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അടക്കം കയറിയിറങ്ങി. വിവരാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഡമ്മികളാണ്. നേരിട്ട് കോടതിയില്‍ സമീപിച്ചാല്‍ ന്യായം കിട്ടുമെന്നും ഷൈമോളുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു.
വിവാദമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ രംഗത്തെത്തി. പിണറായി വിജയന്‍ എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണമെന്നും ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍ എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിതീ നടപ്പിലാക്കേണ്ട പൊലീസ് ക്രൂരത കാണിക്കുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് മനഃസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി സംരക്ഷണം ലഭിക്കുന്നുണ്ട്. സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെ ക്രൂരമായി മര്‍ദിക്കുകയാണ്. നീതി ബോധമില്ലാത്ത പൊലീസുകാരെ മാറ്റുന്നത് രാഷ്ട്രീയ സംരക്ഷണം തന്നെയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.
Content Highlights- CI Prathapachandran explanation over he slapped pregnant woman on her face