'കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി'; ഗർഭിണിയെ സിഐ അടിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

പിണറായി ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പൊലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല

'കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി'; ഗർഭിണിയെ സിഐ അടിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
dot image

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. സിഐയെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും പിണറായി ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പൊലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനമാണ് ചെന്നിത്തല അഴിച്ചുവിട്ടത്. ആഭ്യന്തരവകുപ്പില്‍ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. പൊലീസ് സ്റ്റേഷനിൽ നീതി തേടിയെടുത്തുന്ന സ്ത്രീകളെ ഇത്തരത്തിൽ മർദിക്കുന്ന സ്വഭാവം പ്രാകൃത സമൂഹങ്ങളിൽ പോലും കാണാനാകില്ല. എന്തും ചെയ്യാമെന്ന അഹന്തയാണ് പിണറായി ഭരണത്തിൽ പൊലീസിനുള്ളത്. സിപിഐഎം നേതാക്കൾക്കാണ് സ്റ്റേഷനുകളിലെ നിയമനാധികാരം. ക്രിമിനലുകളെ കുത്തിനിറക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 2024 ജൂണ്‍ 20ന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളകയുമാണ് പ്രതാപചന്ദ്രൻ ചെയ്തത്.

സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തി. മുഖ്യമന്ത്രിയും സർക്കാരും പരാജയമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ക്രിമിനലുകളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിതീ നടപ്പിലാക്കേണ്ട പൊലീസ് ക്രൂരത കാണിക്കുന്നുവെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞത്. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് മനഃസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി സംരക്ഷണം ലഭിക്കുന്നുണ്ട്. സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെ ക്രൂരമായി മര്‍ദിക്കുകയാണ്. നീതി ബോധമില്ലാത്ത പൊലീസുകാരെ മാറ്റുന്നത് രാഷ്ട്രീയ സംരക്ഷണം തന്നെയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

വിവാദമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.

Content Highlights: Ramesh Chennithala criticises pinarayi vijayan on ernakulam police station attack case

dot image
To advertise here,contact us
dot image