

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചയായിരിക്കുകയാണ് നേമം നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് നേമം മണ്ഡലത്തിൽ ഏഴായിരത്തിൽ അധികം വോട്ടിൻ്റെ ലീഡുണ്ട് എന്നതാണ് നേമത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ താൻ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും രാഷ്ട്രീയ കൗതുകത്തിന് വഴി തെളിച്ചിരുന്നു. സിറ്റിംഗ് എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായി വി ശിവൻകുട്ടി തന്നെ നേമം നിലനിർത്താൻ ഇറങ്ങുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി വി ജോയ്‌യുടെ പ്രതികരണം 2026 നേമം ശക്തമായ രാഷ്ട്രീയ മത്സരത്തിൻ്റെ തട്ടകമാകുമെന്ന സൂചനയാണ് നൽകുന്നത്. ശിവൻകുട്ടിക്ക് മത്സരിക്കാൻ തടസങ്ങളില്ലെന്നും തുടർച്ചയായി രണ്ട് ടേം പൂർത്തിയായാൽ മാത്രമേ മത്സര രംഗത്ത് നിന്നും മാറേണ്ടതുള്ളൂ എന്നുമായിരുന്നു വി ജോയ് വ്യക്തമാക്കിയത്. നേമത്ത് ശിവൻകുട്ടിക്ക് നല്ല സ്വാധീനമുണ്ടെന്നും വി ജോയ് കൂട്ടിച്ചേർത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടടിസ്ഥാനത്തിൽ 7,913 വോട്ടിന്റെ ലീഡാണ് നേമം മണ്ഡലത്തിൽ എൻഡിഎയ്ക്കുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വിവര പ്രകാരം നേമം മണ്ഡലത്തിൻ്റെ ഭാഗമായി വരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ 48,945 വോട്ടുകളാണ് ബിജെപി നയിക്കുന്ന എൻഡിഎ നേടിയത്. എൽഡിഎഫ് 41,032 വോട്ടുകളും നേടി. യുഡിഎഫിന് 22,197 വോട്ടുകൾ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടാൻ സാധിച്ചിട്ടുള്ളു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നേമം മണ്ഡലത്തിൽ ഉൾപ്പെടുന്ന 22 വാർഡുകളിൽ 17 വാർഡുകളിലാണ് എൻഡിഎ വിജയിച്ചത്. എൽഡിഎഫ് അഞ്ചിടത്ത് വിജയിച്ചു. എവിടെയും മുന്നിലെത്താൻ യുഡിഎഫിന് സാധിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് നേമത്ത് മത്സരിക്കുമെന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവനയും എതിർക്കാൻ വി ശിവൻകുട്ടി തന്നെ രംഗത്ത് വരുമെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ സൂചനയും ശ്രദ്ധേയമാകുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങൾ മാത്രം ശേഷിക്കെ നേമത്തെ തെരഞ്ഞെടുപ്പ് ചർച്ചകൾ കൂടിയാണ് ഇതോടെ ചൂട് പിടിച്ചിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചുവെന്നത് രാഷ്ട്രീയ നേട്ടമായാണ് സിപിഐഎം ഉയർത്തിക്കാണിച്ചത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ നേമത്ത് നിന്ന് വിജയിച്ചത് ബിജെപിയെ സംബന്ധിച്ച് ചരിത്ര നേട്ടമായിരുന്നു. 8,671 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഒ രാജഗോപാൽ വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. ഒ രാജഗോപാൽ 6,78,134 വോട്ട് നേടിയപ്പോൾ രണ്ടാമതെത്തിയ വി ശിവൻകുട്ടിക്ക് 59,142 വോട്ടാണ് ലഭിച്ചത്. യുഡിഎഫിനായി മത്സരിച്ച ജെഡിയു സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ളയ്ക്ക് ലഭിച്ചത് 13,860 വോട്ടായിരുന്നു. 2011 യുഡിഎഫിന് ലഭിച്ച 20,248 വോട്ടായിരുന്നു 2016ൽ 13,860 വോട്ടായി കുറഞ്ഞത്. ബിജെപി വിജയത്തിൽ ഈ വോട്ട് ചോർച്ച നിർണ്ണായകമായതായി അന്ന് വിശകലനങ്ങളുണ്ടായിരുന്നു. 2006ൽ കോൺഗ്രസിൻ്റെ എൻ ശക്തൻ 60,884 വോട്ട് നോടി 10,749 വോട്ടിന് വിജയിച്ച നേമത്തായിരുന്നു 2011ൽ 20,248, 2016ൽ 13,860 എന്നീ നിലയിലേയ്ക്ക് യുഡിഎഫിൻ്റെ വോട്ട് ചുരുങ്ങിയത്. എന്നാൽ 2021ൽ ഇവിടെ മത്സരിക്കാനെത്തിയ കെ മുരളീധരൻ യുഡിഎഫിൻ്റെ വോട്ട് ബാങ്ക് തിരിച്ച് പിടിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. എൽഡിഎഫിനും എൻഡിഎയ്ക്കും പിന്നിൽ മൂന്നാമതായിരുന്നെങ്കിലും 36,524 വോട്ടുകൾ നേടാൻ കെ മുരളീധരന് സാധിച്ചിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശഖർ വലിയ മുന്നേറ്റം നടത്തിയിരുന്നു. 61,227 വോട്ടാണ് 2024ൽ ഇവിടെ രാജീവ് ചന്ദ്രശേഖർ പിടിച്ചത്. രണ്ടാമതെത്തിയ കോൺഗ്രസിൻ്റെ ശശി തരൂരിന് 39,101 വോട്ട് മാത്രമാണ് നേടാൻ സാധിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പന്ന്യൻ രവീന്ദ്രന് ലഭിച്ചത് 33,322 വോട്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ നിന്ന് ലഭിച്ച 22,126 വോട്ടിൻ്റെ ലീഡാണ് 2026ൽ നേമത്ത് കണ്ണ് വെയ്ക്കാൻ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നേമം ബിജെപിക്ക് ലീഡ് നൽകിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ 58,513 വോട്ടാണ് നേടിയത്. കോൺഗ്രസിൻ്റെ ശശി തരൂരിന് 46,472 വോട്ടും എൽഡിഎഫിൻ്റെ സി ദിവാകരന് 33,921 വോട്ടുമാണ് 2019ൽ നേടാൻ സാധിച്ചത്.
Content Highlights: Kerala Assembly Election 2026 Nemom Again Eyeing for High Voltage political Contest