
കോഴിക്കോട്: നാദാപുരത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പ്രഖ്യാപിച്ച ഓഫർ നേടാനുള്ള തള്ളിക്കയറ്റത്തിനിടെ അപകടം. സ്ഥാപനത്തിന്റെ ഗ്ലാസ് തകർന്ന് പത്തോളം പേർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ കൈയ്ക്ക് ഗുരുതര പരിക്കാണ്. നാദാപുരം ടൗണിലെ ബ്ലാക്ക് മെൻസ് സർപ്ലസ് സ്റ്റോർ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് കടയിലെ ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ കടയടപ്പിച്ചു. 99 രൂപയ്ക്ക് ഷർട്ട് എന്ന ഓഫറിന് പിന്നാലെയാണ് ആളുകൾ കടയിലേക്ക് തള്ളിക്കയറിയത്. തുടർന്ന് കടയുടെ മുൻവശത്തെ വലിയ ഗ്ലാസ് തകർന്നു വീഴുകയായിരുന്നു. ഗ്ലാസ് ചില്ല് തട്ടിയും തിരക്കിൽ നിലത്തുവീണുമാണ് പലർക്കും പരിക്കേറ്റത്. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പരിക്കേറ്റവരിൽ മിക്കവരും കുട്ടികളാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Crowded after the offer, shop glass breaks injuring children and others at Nadapuram