
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലേക്കുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷണം എൻഎസ്എസ് സ്വീകരിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ട് എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചതെന്നും അതിനാൽ എൻഎസ്എസിന്റെ പ്രതിനിധിയെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പ്രശാന്ത് പറഞ്ഞു. പമ്പാ തീരത്ത് ഈമാസം 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ അറിയിച്ചിരുന്നു.
ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമായി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അതിനു വേണ്ടിയിട്ടുള്ള പരിശ്രമങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തോട് പൂർണമായും സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നേരത്തെ പറഞ്ഞിരുന്നു. ആചാര സംരക്ഷണമാണ് എൻഎസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതിൽ എൻഎസ്എസിന് എതിർപ്പില്ലെന്നുമാണ് സംഗീത് കുമാർ പറഞ്ഞിരുന്നത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൻഎസ്എസിന് പിന്നാലെ എസ്എൻഡിപി യോഗവും അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശനെ ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ടെത്തി സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. അയ്യപ്പസംഗമം മഹാ സംഭവമായി മാറുമെന്നാണ് പിന്നാലെ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും. വലിയ വരുമാന സാധ്യതയാണിത്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാം. വിവാദ വിഷയങ്ങൾ മാറ്റിവെക്കണം. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയേയും പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായാണ് പിന്നാലെ ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചത്. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ക്ഷണം.
ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സിപിഐഎം നീക്കമാണെന്നായിരുന്നു ബിജെപി വിമർശനം. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
Content Highlights: NSS accepts Devaswom Board's invitation to Global Ayyappa Sangam