
കൊല്ലം: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഭർത്താവിനെയും അമ്മയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഓച്ചിറയിലാണ് സംഭവം. 45 കാരനായ ശ്യാം, അമ്മ 65കാരി വസന്ത എന്നിവരെയാണ് ഓച്ചിറ റെയിൽവേ സ്‌റ്റേഷന്റെ വടക്കേ പ്ലാറ്റ്‌ഫോമിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന ശ്യാം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പിന്നാലെ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇക്കാര്യം ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തോടും ഇന്ന് രാവിലെ സ്റ്റേഷനിലെത്തി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ സ്റ്റേഷനിൽ എത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയിരുന്നില്ല. പിന്നാലെ ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വസന്ത ഫോൺ എടുത്തപ്പോൾ അടുത്ത ഓണം വരെ ഞങ്ങൾ ഒരിടം വരെ പോകുകയാണെന്നും അന്വേഷിക്കേണ്ട എന്നുമാണ് മറുപടി ലഭിച്ചത്. പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ജനശതാബ്ദി ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ശ്യാമും അമ്മയുമാണെന്ന് വ്യക്തമായത്. ട്രാക്കിൽനിന്ന് ഫോണിന്റെ ഭാഗങ്ങളും സിംകാർഡും ലഭിച്ചിട്ടുണ്ട്.
Content Highlights: Mother and son die in train accident at Kollam Oachira