
മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ബോളിവുഡ്. ആലിയ ഭട്ടിനും, അക്ഷയ് കുമാറിനും പുറമേ സാമന്ത റൂത്ത് പ്രഭുവും ലോകയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. സിനിമയുടെ ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നിയെന്നും സിനിമ തന്നെ വല്ലാതയെ ആകർക്ഷിച്ചുവെന്നും സാമന്ത പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കിട്ടാണ് നടിയുടെ പ്രതികരണം.
'ലോക കണ്ടു, woww … എന്തൊരു അനുഭവം. ദൃശ്യങ്ങൾ, ശബ്‌ദം, ആക്ഷൻ എന്നിവ മികച്ചതാണ്. ഓരോ ഫ്രെയിമും ജീവനുള്ളതായി തോന്നി, ലോക എന്നെ പൂർണ്ണമായും ആകർഷിച്ചു. പക്ഷേ എന്റെ മനസ്സിൽ ശരിക്കും മായാതെ നിന്നത് നമ്മുടെ ആദ്യത്തെ വനിതാ സൂപ്പർഹീറോയെ സ്‌ക്രീനിൽ കണ്ടതാണ്. ചന്ദ്ര എന്നെ അത്ഭുതപ്പെടുത്തി. മുഴുവൻ ടീമിനും അഭിനന്ദനം. നിങ്ങൾ ശരിക്കും സവിശേഷമായ ഒന്നിനെയാണ് സൃഷ്ടിച്ചത്. ലോക വളരെക്കാലം എന്നോടൊപ്പം ഉണ്ടായിരിക്കും,' സാമന്ത കുറിച്ചു.
അതേസമയം, കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Samantha Ruth Prabhu praises lokah movie