
തിരുവനന്തപുരം: കല്ലിയൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ ശാന്തിമതിയെ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസിലെ തന്നെ മറ്റൊരംഗം എല്‍ മിനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് നടപടി. പഞ്ചായത്തില്‍ നടന്ന അവിശ്വാസ പ്രമേയത്തില്‍ കൂറുമാറി സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെയാണ് മിനി കോടതിയെ സമീപിച്ചത്. വൈസ് പ്രസിഡന്റും വള്ളംകോട് വാര്‍ഡ് അംഗവുമായിരുന്നു ശാന്തിമതി.
കല്ലിയൂരില്‍ ബിജെപി ഭരണസമിതിക്കെതിരെ സിപിഐഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ശാന്തിമതിയും ബിജെപിയിലെ പൂങ്കുളം വാര്‍ഡിലെ സുധര്‍മ്മയും കൂറുമാറി വോട്ട് ചെയ്യുകയായിരുന്നു. 21 അംഗമുള്ള പഞ്ചായത്തില്‍ 11 പേരുടെ പിന്തുണയാണ് അവിശ്വാസത്തില്‍ സിപിഐഎമ്മിന് ലഭിച്ചത്.
കുറുമാറിയ ബിജെപി അംഗം സുധര്‍മ്മയ്‌ക്കെതിരെയും കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടിരുന്നു. അതേസമയം ശാന്തിമതിയെ അയോഗ്യയാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് എം സോമശേഖരന്‍ നായര്‍ പറഞ്ഞു.
Content Highlights: Election Commission disqualified the kalliyur panchayath Congress member