പൊലീസുകാരുടെ എണ്ണംകുറഞ്ഞ തക്കം നോക്കി ചാടിപോയി; രാത്രി നടത്തിയ വ്യാപക തിരച്ചിലില്‍ പ്രതി പിടിയില്‍

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്

dot image

ഫറോക്ക്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് ഇയാളെ മാപ്പിള യുപി സ്‌കൂളിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. നാട്ടുകാരുടെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.45ഓടെ പ്രതിയെ പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

അസം സ്വദേശി പ്രസന്‍ജിത്ത് ഇന്നലെയായിരുന്നു പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് പ്രസന്‍ജിത്ത്. കൈവിലങ്ങുമായി രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ അധിക ദൂരം പോയിരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു പൊലീസ് നിഗമനം.

പ്രതി രക്ഷപ്പെട്ട ശേഷം സ്റ്റേഷന് പിറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ പ്രതിക്കായി തിരച്ചില്‍ നടത്തുന്നതിന് എആര്‍ ക്യാമ്പില്‍ നിന്നും കൂടുതല്‍ പൊലീസുകാരെയും എത്തിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പ് വെല്‍ഡിങ് ജോലിക്ക് വേണ്ടിയായിരുന്നു പ്രസന്‍ജിത്ത് കേരളത്തില്‍ എത്തിയത്.

സ്ഥലത്ത് എത്തിയിട്ട് അധികകാലം ആയിട്ടില്ലാത്തതിനാല്‍ പ്രതിക്ക് കൂടുതല്‍ സ്ഥലങ്ങള്‍ മുന്‍ പരിചയമുണ്ടാകില്ലെന്ന് പൊലീസിന് ധാരണയുണ്ടായിരുന്നു. സ്റ്റേഷന് പിറകിലെ ചന്തക്കടവ് റോഡില്‍ ഗോഡൗണ്‍, ഒഴിഞ്ഞ പറമ്പുകള്‍ തുടങ്ങി പ്രതി പോകാനിടയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായി ഇയാള്‍ കഴിഞ്ഞ ദിവസം നാടുവിടുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തുകയും സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രസന്‍ജിത്തിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാരുടെ എണ്ണം കുറഞ്ഞ തക്കത്തിന് ഇയാള്‍ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

Content Highlight; Accused Escapes Police Custody, Caught Soon After

dot image
To advertise here,contact us
dot image