
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിയിൽ നിയമക്കുരുക്കില്ലെന്ന് വയനാട് ജില്ലാ കമ്മിറ്റി. ഭൂമി വിറ്റവർക്കോ വാങ്ങിയവർക്കോ പരിധിയിൽ കവിഞ്ഞ ഭൂമി ഇല്ലാത്തിടത്തോളം കാലം യാതൊരു നടപടികളും നില നിൽക്കുന്നതല്ലെന്നും സ്വാഭാവികമായ പരിശോധന മാത്രമായെ ലാൻഡ് ബോർഡിൻ്റെ നടപടിയെ കണക്കാക്കാൻ കഴിയൂവെന്നും കമ്മിറ്റി വ്യക്തമാക്കി. പരിശോധനയിൽ ഭൂമി വാങ്ങിയതിനോ ഉപയോഗിക്കുന്നതിനോ നിയമ തടസ്സം ഇല്ലെന്ന് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നിരിക്കെ അനാവശ്യ വിവാദങ്ങൾക്ക് യാതൊരു കഴമ്പുമില്ലെന്നും മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. ലീഗ് വാങ്ങിയത് തോട്ടഭൂമിയല്ലെന്നും അവർ വ്യക്തമാക്കി.
കെഎൽആർ നിയമത്തിൽ പ്രതിപാദിക്കുന്ന ഏതൊരു ഭൂമിയും 12 മുതൽ 15 ഏക്കർ വരെ നിലവിൽ കൈവശത്തിലും ഉടമസ്ഥതയിലും ഉള്ള കുടുംബങ്ങൾക്ക്, പ്രസ്തുത ഭൂമി വിനിയോഗിക്കുന്നതിനോ വീട് നിർമിക്കുന്നതിനോ യാതൊരു നിയന്ത്രണവും ഇല്ല. ഇത്തരമൊരു നിയന്ത്രണം 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നിട്ടും മുസ്‌ലിംലീഗ് വാങ്ങിയത് തോട്ട ഭൂമിയാണെന്ന് പ്രചരിപ്പിക്കുന്നത് ഭൂമി സംബന്ധിച്ച മുഴുവൻ വിവരങ്ങളും പരിശോധിക്കാതെയും പഠിക്കാതെയുമാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ഭവന പദ്ധതിക്കായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമി നിയമക്കുരുക്കിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ലീഗ് വാങ്ങിയ 11 ഏക്കർ ഭൂമിയിലെ ഒരു ഭാഗം തോട്ടഭൂമി ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻമേലുള്ള നടപടിക്രമങ്ങൾ പദ്ധതി ആരംഭിക്കുന്നതിന് തടസ്സമായി നിൽക്കുകയാണെന്നായിരുന്നു വിവരം. ഇക്കാര്യത്തിലാണ് മുസ്‌ലിം ലീഗ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
തൃക്കൈപ്പറ്റ വില്ലേജിൽ ലീഗ് വാങ്ങിയ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസർ നടത്തിയ അന്വേഷണത്തിന് ശേഷം കണ്ടെത്തിയത്. തുടർന്ന് കണിയാമ്പറ്റ സോണൽ ബോർഡ് ഓഫീസർക്ക് കൈമാറിയ റിപ്പോർട്ടിൻമേൽ സോണൽ ലാൻഡ് ബോർഡ് ഭൂമിയുടെ ഉടമസ്ഥനായിരുന്ന കല്ലങ്കോടൻ മൊയ്തുവിന് നോട്ടീസ് അയച്ചു. രേഖകളുമായെത്തി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസ്. ഭൂപരിഷ്‌കരണ നിയമപ്രകാരം കല്ലങ്കോടൻ മൊയ്തുവിന് നിയമപ്രകാരം ഇളവ് നൽകിയ 11.12 ഏക്കറിൽപ്പെട്ടതാണ് ഈ ഭൂമിയെന്നതിനാൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
എന്നാൽ ടൗൺഷിപ്പ് നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് മുമ്പും പ്രതികരിച്ചിരുന്നു. ലീഗ് വാങ്ങിയ ഭൂമിയിൽ യാതൊരു നിയമക്കുരുക്കും ഇല്ലെന്ന് ഉറപ്പുവരുത്താൻ അഭിഭാഷകരുടെ ഒരു പാനൽ തന്നെ വെച്ചിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ഭൂമി ജന്മം പട്ടയം ഉള്ള ഭൂമിയാണ്. തോട്ടഭൂമി അല്ല. ഇപ്പോൾ നടക്കുന്നത് ഭരണകൂട ഇടപെടലാണ്. മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗുണഭോക്താക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ റവന്യൂമന്ത്രി ശ്രമിച്ചു. ലീഗിന്റെ പദ്ധതി വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണം. പദ്ധതിയിൽ നിന്ന് പാർട്ടിയെ പിന്തിരിപ്പിക്കാൻ ആർക്കും ആകില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് ഭവനസമുച്ചയം ഒരുക്കാന്‍ ആലോചിക്കുന്നത്. വിലയ് ക്കെടുത്ത 11 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീട്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആർക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അർക്കിടെക്സാണ് ഭവനപദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്.
Content Highlights: Wayanad District Committee says no legal hurdles in land purchased by League for rehabilitation of Mundakkai