2,760 രൂപ 4,583 രൂപയാവും; പാര്‍ട്ട് ടൈം ജീവനക്കാരായി വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിച്ച് ടിഡിബി

പാര്‍ട്ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ കുടുംബത്തിന് ഫാമിലി പെന്‍ഷനും ഏര്‍പ്പെടുത്തി

dot image

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ നിന്ന് വിരമിച്ച പാര്‍ട്ട് ടൈം ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. പ്രതിമാസം 2,760 രൂപയില്‍ നിന്ന് 4,583 രൂപയായാണ് പെന്‍ഷന്‍ വര്‍ധിപ്പിച്ചത്. ഇതിന് പുറമേ പാര്‍ട്ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ കുടുംബത്തിന് ഫാമിലി പെന്‍ഷനും ഏര്‍പ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം. ഫാമിലി പെന്‍ഷന്‍ പ്രതിമാസം 3,375 രൂപയായിരിക്കും.

എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 2,760 രൂപയായിരുന്നത് 4,585 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2011 ഫെബ്രുവരി ഒന്നിനും 2017 മാര്‍ച്ച് പതിനാലിനും ഇടയില്‍ വിരമിച്ച എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇതേ കാലയളവില്‍ വിരമിച്ച എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍കാരുടെ കുടുംബത്തിന് ഫാമിലി പെന്‍ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 4,583 രൂപയായിരിക്കും പെന്‍ഷന്‍ തുക. 1985 ഏപ്രില്‍ ഒന്നിന് മുന്‍പ് വിരമിച്ച എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍കാരുടെ പ്രതിമാസ പെന്‍ഷന്‍ 4,340 രൂപയില്‍ നിന്ന് 5,262 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

1985 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് പതിമൂന്നിനും ഇടയില്‍ വിരമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ഫാമിലി പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 4,340 രൂപയില്‍ നിന്നും 5,262 രൂപയായാണ് വര്‍ധിപ്പിച്ചത്. പെന്‍ഷന്‍ വര്‍ദ്ധനയും പുതിയ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തുന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക ബാധ്യത വരുത്തുമെങ്കിലും ജീവനക്കാരുടെ ക്ഷേമത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ബോര്‍ഡ് പ്രതിജ്ഞാ ബദ്ധമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Content Highlights- Pension of retired part time employees in thiruvithamkoor devaswom board increased

dot image
To advertise here,contact us
dot image