അതുല്യയുടെ മരണം; ഭർത്താവ് സതീഷ് പിടിയിൽ

ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി

dot image

തിരുവനന്തപുരം: ഷാർജയിൽ മലയാളി യുവതി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇയാൾ പിടിയിലായത്. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെതിരെ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഇയാളെ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ അടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്തുവന്നിരുന്നു.

അതുല്യ ജീവനൊടുക്കില്ലെന്ന വാദവുമായി സതീഷും രംഗത്തെത്തിയിരുന്നു. അതുല്യയെ മർദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയിൽ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

അതുല്യയുടെ മരണത്തിൽ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നൽകിയ പരാതിയിൽ ഷാർജ പൊലീസും അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക് പരിശോധനയിൽ അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായിരുന്നു.

Content Highlights: Athulya Case; husband Satheesh arrested

dot image
To advertise here,contact us
dot image