'ഭ്രാന്താണെന്ന് പറഞ്ഞു, മുറിയിൽ പൂട്ടിയിട്ടു', ആമിർഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

'പുറത്ത് പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്റെ മുറിയുടെ പുറത്ത് എല്ലായ്‌പ്പോഴും ബോഡി ഗാര്‍ഡ് ഉണ്ടാകുമായിരുന്നു'

dot image

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ആമിർ ഖാൻ. നടനും സഹോദരൻ ഫൈസല്‍ ഖാനും തമ്മിൽ അത്ര നല്ല സ്വരചേർച്ചയിൽ അല്ലെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആമിർഖാനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുകയാണ് ഫൈസല്‍ ഖാന്‍. സ്‌കിസോഫ്രീനിയ ആണെന്ന് പറഞ്ഞു തന്നെ ആമിർഖാൻ ഉള്‍പ്പെടെയുള്ളവര്‍ പൂട്ടിയിട്ടുവെന്നും ഭ്രാന്താണെന്ന് ആരോപിച്ചുവെന്നും ഫൈസൽ ഖാൻ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് സ്‌കിസോഫ്രീനിയ ആണെന്നും ഞാനൊരു ഭ്രാന്തനാണെന്നുമാണ് അവര്‍ പറഞ്ഞത്. പുറത്തിറങ്ങിയാല്‍ ഞാന്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും പറഞ്ഞു. ഇതെല്ലാം സംഭവിച്ചതാണ്. ഇതിൽ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്നാണ് ഞാന്‍ എന്നെ തന്നെ നോക്കി ചിന്തിച്ചിരുന്നത്. കുടുംബം മുഴുവന്‍ എനിക്കെതിരായിരുന്നു. എന്നെ ഒരു ഭ്രാന്തനായാണ് അവര്‍ കണ്ടത്. ആമിര്‍ ഖാനാണ് തന്നെ മുറിയില്‍ പൂട്ടിയിട്ടത്. ഈ സമയത്ത് പിതാവുമായി ബന്ധപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹത്തിന് മാത്രമേ എന്നെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് കരുതിയത്. അപ്പോഴേക്കും അദ്ദേഹം രണ്ടാം ഭാര്യയെ വിവാഹം ചെയ്യുകയും കുടുംബത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ പുറത്ത് പോകുകയും ചെയ്തിരുന്നു.

പിതാവിന്റെ ഫോണ്‍ നമ്പറോ വിളിക്കാന്‍ ഫോണോ ഇല്ലാതിരുന്നതിനാല്‍ തനിക്ക് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. എന്റെ സാമ്പത്തിക കാര്യങ്ങളുടേയും നിയമപരമായ കാര്യങ്ങളുടേയും നിയന്ത്രണം ആമിര്‍ ഏറ്റെടുത്തു. പുറത്ത് പോകാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. എന്റെ മുറിയുടെ പുറത്ത് എല്ലായ്‌പ്പോഴും ബോഡി ഗാര്‍ഡ് ഉണ്ടാകുമായിരുന്നു. എനിക്ക് ആമിറിനെ അറിയാം. അവന്‍ ദയാലുവാണ്. ആമിര്‍ ഇതെല്ലാം ചിന്തിച്ച് ഇങ്ങനെയെല്ലാം ചെയ്യുമെന്ന് കരുതാന്‍ കഴിയില്ല,' ഫൈസൽ ഖാൻ പറഞ്ഞു.

Content Highlights: Aamir Khan locked him in his room, says his brother Faisal Khan

dot image
To advertise here,contact us
dot image