
ആലുപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ പ്രതിസ്ഥാനത്തുള്ള സെബസ്റ്റ്യന് കുരുക്ക് മുറുകുന്നു. ചേര്‍ത്തല സ്വദേശിനി ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ സെബാസ്റ്റ്യനെതിരായ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സെബാസ്റ്റ്യന്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കുകയും എസ്എസ്എല്‍സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സും വ്യാജമായി നിര്‍മിച്ചതായും പൊലീസ് കണ്ടെത്തി. ഇടപ്പള്ളിയിലെ ഭൂമി കൈക്കലാക്കാന്‍ ഇയാള്‍ കുറുപ്പുംകുളങ്ങര സ്വദേശിനി ജയ(മിനി)യെ ആള്‍മാറാട്ടം നടത്തി.
ബിന്ദുവിന്റെ പേരിലുള്ള വ്യാജ രേഖകള്‍ സെബാസ്റ്റ്യന്‍ തയ്യാറാക്കിയത് ജയയുടെ സഹായത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജയയുടെ ഫോട്ടോയും ഒപ്പും ഉപയോഗിച്ചു. ജയയെ ബിന്ദുവായി ആള്‍മാറാട്ടം നടത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ബിന്ദുവായി ഹാജരാക്കിയത് ജയയെ ആണെന്നുള്ള നിര്‍ണായക വിവരവും പൊലീസ് കണ്ടെത്തി. കേസില്‍ ജയയുടെ പങ്ക് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നേരത്തേ ഐഷാ തിരോധാനക്കേസില്‍ സെബാസ്റ്റ്യനൊപ്പം മറ്റൊരാളുടെ പങ്കും പൊലീസ് സംശയിച്ചിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ജൈനമ്മ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2024 ഡിസംബര്‍ 23നായിരുന്നു ജൈനമ്മയെ കാണാതാകുന്നത്. ജൈനമ്മ ഇടയ്ക്ക് ധ്യാനത്തിന് പോകുമായിരുന്നു. ഇത്തരത്തില്‍ ജൈനമ്മ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തു. ഇതിന് പിന്നാലെ ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് ജൈനമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ഇതിന്റെ ഡിഎന്‍എ പരിശോധനാ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകളും ഉയര്‍ന്നുവരുന്നത്. ബിന്ദു തിരോധാനക്കേസില്‍ സെബാസ്റ്റ്യന്‍ ആരോപണവിധേയനായിരുന്നു എന്ന വിവരം കൂടി പൊലീസ് വിശദായി പരിശോധിച്ചതോടെ മറ്റ് രണ്ട് തിരോധാനക്കേസുകള്‍ കൂടി അന്വേഷണ പരിധിയില്‍ വന്നു. അത് 2012ല്‍ കാണാതായ ഐഷയുടേയും 2020ല്‍ കാണാതായ സിന്ധുവിന്റേതുമായിരുന്നു. കേസില്‍ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ബിന്ദു, ഐഷ, ജൈനമ്മ തിരോധാന കേസുകളില്‍ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് വ്യക്തമാകുകയുള്ളൂ.
Content Highlights- Police found more informations against sebastian on bindu missing case