
ആലപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്‍ മൃതദേഹം കുഴിച്ചിട്ട ശേഷം പുറത്തേക്കെടുത്ത് കത്തിച്ച് വീണ്ടും കുഴിച്ചിട്ടതായി സംശയം. കഴിഞ്ഞ ദിവസം ഇയാളുടെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടില്‍ കഡാവര്‍ ഡോഗിനെ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് പൊലീസ് ഇക്കാര്യം സംശയിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാള്‍ അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിക്കാത്തത് വലിയ തലവേദനയായിരിക്കുകയാണ്. അതിനിടെ ഐഷാ തിരോധാനക്കേസില്‍ സെബാസ്റ്റ്യനൊപ്പം മറ്റൊരാളുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്.
ജൈനമ്മ കൊലക്കേസിലായിരുന്നു കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്റെ വീട്ടിലും പരിസരങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയത്. പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായാണ് വിവരം. ഇതിന് പുറമേ ആറോളം അസ്ഥിക്കഷ്ണങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതില്‍ കത്തിക്കരിഞ്ഞ നിലയിലുള്ളതുമുണ്ട്. ഇത് നേരിട്ട് കത്തിച്ചതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം മൃതദേഹം കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം പുറത്തെടുത്ത് വീണ്ടും കത്തിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ മരത്തില്‍ നിന്ന് ഒരു കൊന്ത കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ലേഡീസ് ബാഗും വസ്ത്രവും കണ്ടെത്തി. വീടിന്റെ പിന്നിലെ കുളത്തിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും ലഭിച്ചില്ല.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ജൈനമ്മ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2024 ഡിസംബര്‍ 23നായിരുന്നു ജൈനമ്മയെ കാണാതാകുന്നത്. കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്. അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യയനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തു. ഇതിന് പിന്നാലെ ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് ജൈനമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. ഇതിന്റെ ഡിഎന്‍എ പരിശോധനാ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചേര്‍ത്തലയിലെ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകളും ഉയര്‍ന്നുവരുന്നത്. ബിന്ദു തിരോധാനക്കേസില്‍ സെബാസ്റ്റിയന്‍ ആരോപണവിധേയനായിരുന്നു എന്ന വിവരം കൂടി പൊലീസ് വിശദായി പരിശോധിച്ചതോടെ മറ്റ് രണ്ട് തിരോധാനക്കേസുകള്‍ കൂടി പരിശോധനാ പരിധിയില്‍ വന്നു. അത് 2012ല്‍ കാണാതായ ഐഷയുടേയും 2020ല്‍ കാണാതായ സിന്ധുവിന്റേതുമായിരുന്നു. ഈ കേസുകളും പൊലീസ് പുനപരിശോധിച്ചുവരികയാണെന്നാണ് വിവരം.
Content Highlights- Police found more details on cherthala mass missing case