
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ ജനവിധി തേടാനുള്ള സാധ്യത തള്ളാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. പാലായും കടുത്തുരുത്തിയും കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. പാലായില്‍ ജോസ് കെ മാണിയുടേത് അജയ്യ നേതൃത്വം. ജോസ് കെ മണി എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടിയും ചെയര്‍മാനും തീരുമാനിക്കുമെന്നാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനം ഒട്ടും ചെറുതല്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തി. തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം വ്യക്തം. മുന്നണിയെ ശക്തിപ്പെടുത്തുന്ന നയമാണ് പാര്‍ട്ടിയുടേത്. വിമര്‍ശനങ്ങള്‍ക്ക് ഇടയുണ്ടാകും. എന്നാല്‍ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ഏശുന്ന പ്രശ്‌നമില്ല. മുന്നണിയില്‍ നിന്ന് മറ്റ് കക്ഷികളെ വിമര്‍ശിക്കില്ല. സിപിഐയുടെ വിമര്‍ശനം ഗൗരവത്തിലുള്ളതല്ല. പാര്‍ട്ടി യോഗത്തില്‍ സ്വാഭാവികമായുണ്ടാകുന്ന വിമര്‍ശനം മാത്രമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് പുറന്തള്ളി എന്നത് ഇനിയും മനസിലാകുന്നില്ല. 40 വര്‍ഷം തങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു. യുഡിഎഫില്‍ തുടരാന്‍ അര്‍ഹതില്ലെന്ന നിലപാട് തങ്ങളെ കരയിപ്പിച്ചെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസിന് എമ്മിനെതിരെ കടുത്ത വിമര്‍ശനമുണ്ടായത്. കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടമില്ല. നേതാക്കള്‍ വന്നതല്ലാതെ അണികള്‍ എത്തിയില്ല. അണികള്‍ക്ക് ഇപ്പോഴും യുഡിഎഫിനോടാണ് കൂറെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയെ ഇടിച്ച് താഴ്ത്തുന്നതിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൊണ്ടുവന്നതെന്ന് മുണ്ടക്കയത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു.
അതേ സമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന ഇന്നലെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നല്‍കിയിരുന്നു. രണ്ടായിരത്തോളം യുവാക്കളെ അണിനിരത്തിയ ശക്തിപ്രകടനം നടത്തിയാണ് പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് താന്‍ മാറില്ലെന്ന സന്ദേശം നല്‍കിയത്.
ഇന്ന് പാലായില്‍ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ നടന്ന യുവജന റാലിയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ വികസനമുരടിപ്പാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഉള്ളതെന്നും അതില്‍ നിന്ന് മാറി വികസന വഴി തിരിച്ചു പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കടുത്തുരുത്തി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ജോസ് കെ മാണിയും പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. ഇതോടെ ജോസ് കെ മാണി പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ പരാജയപ്പെട്ടെങ്കിലും മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം 5000ത്തിന് താഴെയ്ക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചിരുന്നു. ഇന്നത്തെ റോഷി അഗസ്റ്റിന്റെ പ്രതികരണത്തോടെ ജോസ് കെ മാണിയുടെ കടുത്തുരുത്തിയിലേക്കുള്ള മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കാതെയായി.
Content Highlights: Don't be surprised if Jose K. Mani contests from Kaduthuruthy