
കാസർകോട്: കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡന്റിനെ മാറ്റണമെന്ന് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എംഎസ്എഫിന്റെ പരാതി. ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മുന്നണി മര്യാദ ലംഘിച്ചെന്നാണ് പരാതി. കെഎസ്‌യുവിന്റെ യുയുസിമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്നും എംഎസ്എഫ് ആരോപിക്കുന്നു. പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു വഞ്ചിച്ചു. എംഎസ്എഫിനോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നു. എംഎസ്എഫിനെ തോൽപ്പിക്കാൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശ്രമിച്ചു. യുയുസിമാരെ മാറ്റിനിർത്തി എംഎസ്എഫിനെ പരാജയപ്പെടുത്താനായിരുന്നു ശ്രമമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് ആദ്യമായാണ് യുഡിഎസ്എഫ് ജയിക്കുന്നത്. ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
എട്ടു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് എസ്എഫ്ഐയിൽ നിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തിരുന്നു. യൂണിയൻ ചെയർപേഴ്സൻ ഉൾപ്പെടെ അഞ്ച് ജനറൽ സീറ്റുകളും കണ്ണൂർ ജില്ലാ റെപ്രസെന്റേറ്റീവ് സീറ്റും എസ്എഫ്ഐയ്ക്ക് ലഭിച്ചു. നന്ദജ് ബാബുവിനെയാണ് യൂണിയൻ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. വോട്ടെടുപ്പിനിടെ എസ്എഫ്ഐ–യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനാൽ വൻ പൊലീസ് സാന്നിധ്യത്തിലായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്ന സമയം എംഎസ്എഫ് - കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. എസ്എഫ്‌ഐ സ്ഥാനാർത്ഥിയായ വിദ്യാർഥിനി ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് കൊണ്ട് പോയെന്നായിരുന്നു എംഎസ്എഫിന്റെ ആരോപണം.
Content Highlights: MSF's complaint to KPCC President demanding to change KSU Kasaragod District President