EXCLUSIVE; ഉദ്ദേശം നല്ലതായിരുന്നു, പക്ഷെ പെരുമാറ്റച്ചട്ടം ലംഘിച്ചു; ഡോ.ഹാരിസിനെ തല്ലിയും തലോടിയും വിദഗ്ധ സമിതി

ഉപകരണ ക്ഷാമത്തിന് കാരണം സര്‍ക്കാര്‍ വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് വിദഗ്ധ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഡോക്ടര്‍ ഹാരിസിനെ തല്ലിയും തലോടിയും ഉള്ള റിപ്പോര്‍ട്ടില്‍ ഹാരിസ് ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുമ്പോഴും ഹാരിസിന്റേത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഉപകരണ ക്ഷാമത്തിന് കാരണം സര്‍ക്കാര്‍ വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോസിലോസ്‌ക്കോപ്പിന്റെ ഒരു ഭാഗം കാണാനില്ലെന്നും ഡോക്ടര്‍ ഹാരിസ് ശസ്ത്രക്രിയ മുടങ്ങിയെന്ന് പറയുന്ന സമയത്ത് മറ്റൊരു യൂണിറ്റില്‍ ഇതേ ശസ്ത്രക്രിയ നടക്കുന്നുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. റിപ്പോര്‍ട്ടര്‍ ബിഗ് എക്‌സ്‌ക്ലൂസീവ്.

ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയത്. ജൂണ്‍ 30 നും ജൂലായ് രണ്ടിനും ഇടയിലായിരുന്നു അന്വേഷണം നടന്നത്. ഹാരിസിന്റെ ഉദ്ദേശം നല്ലതായിരുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇങ്ങനെ പറയുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള പെരുമാറ്റച്ചട്ടം ഹാരിസ് ലംഘിച്ചുവെന്നും വിദഗ്ധ സമിതി പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമൂഹ മാധ്യമ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് പരസ്യമായി പറയരുതെന്നും ജീവനക്കാര്‍ പ്രൊഫഷണല്‍ പെരുമാറ്റം നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് ഹാരിസ് ചിറക്കല്‍ ലംഘിച്ചതായാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.

ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് രേഖാമൂലം പരാതി നല്‍കിയില്ലെന്നും വിദഗ്ധ സമിതി പറയുന്നു. പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ് ഇക്കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരണ ക്ഷാമത്തിന് കാരണം സര്‍ക്കാരാണെന്നും വിദഗ്ധ സമിതി കുറ്റപ്പെടുത്തുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ രണ്ട് കോടിക്ക് അനുമതി നല്‍കി. പക്ഷേ ഫയലില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. എച്ച്ഡിഎസ് സെക്രട്ടറിക്ക് പണം കിട്ടിയില്ല. ഉപകരണത്തിന് വില കൂടിയതും ക്ഷാമത്തിന് കാരണമായി. സാമ്പത്തിക പ്രതിസന്ധി വകുപ്പ് മേധാവികളെയും ബാധിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ കിട്ടില്ല എന്ന ചിന്ത മേധാവികള്‍ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ പണം കൊടുത്ത് ഉപകരണം വാങ്ങുന്നത് നല്ലതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തണം. ആശുപത്രി ജീവനക്കാരെ ഈ കാര്യത്തില്‍ ബോധവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യൂറോളജി വിഭാഗത്തില്‍ നിന്ന് മോസിലോസ്‌കോപ്പ് നഷ്ടപ്പെട്ടുവെന്നുള്ള ആരോപണത്തില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തിയിട്ടുണ്ട്. എംപി ഫണ്ടില്‍ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഈ ഉപകരണം വാങ്ങിയത്. ഉപകരണത്തിന്റെ ഭാഗം ഭാഗികമായി നഷ്ടപ്പെട്ടതായി ഡോ. ഹാരിസ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. നിരന്തരം ഉപയോഗിക്കുന്ന യന്ത്രമല്ലെന്നും ഹാരിസ് പറഞ്ഞതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സര്‍ക്കാരിനായുള്ള ചില നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഉപകരണങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎഎസ്പി വഴി ഫണ്ട് ലഭ്യത ഉറപ്പാക്കണം. വാങ്ങല്‍ നടപടി ലളിതമാക്കണം. മോസിലോസ്‌കോപ്പിന്റെ ഒരു ഭാഗം കാണാതായതില്‍ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ആശുപത്രിയിലെ താത്ക്കാലിക നിയമനത്തിനെതിരെയും വിദഗ്ധ സമിതി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രി വികസന സമിതിയില്‍ പിഎസ്‌സി നിയമനം വേണമെന്നാണ് ആവശ്യം. ആശുപത്രി വികസന സമിതി സ്റ്റാഫ് പാറ്റേണ്‍ മാറ്റണം. ഇത് വ്യത്യസ്ത വിഭാഗങ്ങളാക്കണം. സംഭരണം, സ്റ്റോക്ക് മാനേജ്‌മെന്റ്, ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ വേണം. വകുപ്പ് തലത്തില്‍ പ്രീബജറ്റ് തയ്യാറെടുപ്പ് യോഗം വേണമെന്നും ബജറ്റ് തയ്യാറാക്കും മുമ്പ് വിളിച്ച് ചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights- Findings of Special team against dr haris chirackal out

dot image
To advertise here,contact us
dot image