
തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് മുന്നിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലും കാർ ഇടിച്ചു. അപകടത്തിൽ പെട്ടവരിൽ മൂന്നുപേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ കാൽനട യാത്രക്കാരുമാണ്.
വള്ളക്കടവ് സ്വദേശികളായ ശ്രീപ്രിയ, ആഞ്ജനേയൻ എന്നിവരാണ് കാൽനടയാത്രക്കാർ. സുരൻ, ഷാഫി, കുമാർ എന്നിവരാണ് ഓട്ടോ ഡ്രൈവർമാർ. കാർ ഓടിച്ചിരുന്ന ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വാഹനത്തിന് സാങ്കേതികമായ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ അജിത് കുമാർ പറഞ്ഞു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണെന്ന് തോന്നുന്നുവെന്നും ഡ്രൈവറുടെ ലൈസൻസ് ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടന്നിരിക്കുന്നത് നിയമലംഘനമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പരിശീലനം നൽകുകയായിരുന്നു എന്നാണ് അറിയുന്നത്. പരിശീലനം നൽകുമ്പോൾ പാലിക്കേണ്ട നടപടികൾ ഒന്നും പാലിച്ചിട്ടില്ല. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്‌സിലേറ്റർ ചവിട്ടി. അമിത വേഗതയിലായിരുന്നു വാഹനം. 2019-ൽ ലൈസൻസ് എടുത്ത ആളാണ്. ഇപ്പോൾ പഠിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: car accident at tvm and five people injured