
ജെറുസലേം: ഗാസ സിറ്റി ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. നെതന്യാഹുവിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇസ്രയേലി ബന്ദികളുടെയും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ രൂപീകരിച്ച സംഘടനയായ ഒക്ടോബർ കൗൺസിൽ രംഗത്തെത്തി. അടുത്ത ഞായറാഴ്ച ഇസ്രയേലിലാകെ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഒക്ടോബർ കൗൺസിൽ. ഇസ്രയേലിന്റെ ഈ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് കൗൺസിലിന്റെ ആവശ്യം. പണിമുടക്കിന് ഇസ്രയേലിലെ പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്.
ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് ഓഗസ്റ്റ് എട്ടിനാണ് ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യോഗത്തിന് മുമ്പ് നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് പദ്ധതികള്‍ക്കും ഇസ്രയേലിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസാ മുനമ്പിലെ സുരക്ഷാ അധികാരം ഉള്‍പ്പെടെയുള്ള അഞ്ച് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഹമാസിനെ നിരായുധീകരിക്കുക, ജീവനോടെയുള്ളതോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മടക്കി കൊണ്ടുവരിക, ഗാസയെ സൈനിക മുക്തമാക്കുക, ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നിയന്ത്രണം, പലസ്തീനോ ഹമാസോ ഇല്ലാത്ത സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഗാസയില്‍ രൂപീകരിക്കും എന്നിവയായിരുന്നു സുരക്ഷാ കാബിനറ്റ് അംഗീകരിച്ച പദ്ധതികള്‍.
ഈ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് രംഗത്തുവന്നിരുന്നു. ഈ തീരുമാനം ദുരന്തമായിരിക്കുമെന്നും കൂടുതല്‍ ബന്ധികളുടെയും സൈനികരുടെയും മരണത്തിലേയ്ക്ക് നയിക്കുമെന്നും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ലാപിഡ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബർ കൗൺസിലിന്റെ പണിമുടക്കിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്.
Content Highlights: Families of hostages and effected against gaza city control plan