
ചെമ്മാട്: സര്‍വ്വമേഖലകളിലും പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് ഉന്നത മതപഠനവും യൂണിവേഴ്‌സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി 40 വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍.
തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം മൂലം ന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും തിരുത്താനും ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി തയ്യാറാണ്. പരാതികള്‍ ഉണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമപകാഹളം മുഴക്കി മാര്‍ച്ച് നടത്തുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കി വിടാതെ എല്ലാം വിശാലമായ കാമ്പസില്‍ തന്നെ സംസ്‌കരിച്ചു വരികയാണ്. നാട്ടുകാര്‍ക്കോ മറ്റോ കുടിവെള്ള മലിനീകരണ പ്രയാസങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവിടെ സ്ഥിരമായി താമസിച്ചു വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയുമാണ്. പരിസരവാസികള്‍ക്ക് ഒരിക്കലും ഒരു പ്രയാസവും ആശങ്കയും ഉണ്ടാകരുതെന്ന് മനസ്സിലാക്കി രണ്ടര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ളതും മുക്കാല്‍ കോടിയിലധികം ഉറുപ്പിക ചെലവ് വരുന്നതുമായ ആധുനിക സംവിധാനത്തോടെയുള്ള വലിയ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ, അതൊന്നും കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം നടത്തിയ സമര പ്രഹസനം സ്ഥാപനവും നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ നയ നിലപാടുകളോടുള്ള പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും അസഹിഷ്ണുതയുമാണെന്ന് ആര്‍ക്കും ബോധ്യമാകും. 1986ല്‍ ആരംഭിച്ച ദാറുല്‍ഹുദാ അതാത് കാലത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു മുഹമ്മദ് ശാഫി ഹാജി, കെ എം സൈതലവി ഹാജി, സി എച്ച് മുഹമ്മദ് ത്വയിബ്ബ് ഫൈസി, ഡോ. യു വി കെ മുഹമ്മദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Content Highlights: CPI(M) march against Darul Huda is completely politically motivated; office bearers