
തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാന വർദ്ധനവിന് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർദ്ധിപ്പിച്ചു. ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്.
എന്നാൽ തൽക്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. പല പ്രൊപ്പോസലുകളും വരാറുണ്ട്. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. ക്യാബിനറ്റ് അംഗീകരിച്ച മദ്യ നയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മറ്റ് സ്ഥാനങ്ങളിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ നേതൃത്വം കൊടുക്കുന്നവർ ഇവിടെയത് നടപ്പിലാക്കാൻ സമ്മതിക്കാറില്ലെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.
ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്കോയുടെ പുതിയ നീക്കം. 2000 കോടി രൂപയുടെ വരമാന വർദ്ധനവാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. മദ്യവിൽപനയ്ക്ക് സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
Content Highlights: Excise Minister MB Rajesh says no decision has been taken on online liquor sales