
പാലക്കാട്: നഗരമധ്യമായ കൽപ്പാത്തിയിൽ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കൽപ്പാത്തിക്ക് സമീപത്ത് വെച്ചുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർക്ക് കുത്തേറ്റത്. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനായി വന്ന യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
യുവതിയുടെ കൂടെ വന്ന യുവാക്കളും വ്യാപാരികളും തമ്മിലാണ് സംഘർഷമുണ്ടായത്. ക്ഷേത്രത്തിലെക്കെത്തിയ യുവതിയോട് പൂവ് വേണമോ എന്ന് വ്യാപാരികൾ ചോദിച്ചത് യുവാക്കൾ ചോദ്യം ചെയ്തു. തുടർന്നാണ് തമ്മിൽത്തല്ല് ആരംഭിച്ചത്. ഇതിനിടെ യുവാക്കൾ പൂവ് മുറിക്കാനുപയോഗിക്കുന്ന കത്രികയെടുത്ത് വ്യാപാരികളായ തോണിപ്പാളയം സ്വദേശി വിഷ്ണു, സുന്ദരം കോളനി സ്വദേശികളായ ഷാജി, ഷമീർ എന്നിവരെ ആക്രമിച്ചു. മൂവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ മുണ്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തുക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.
Content Highlights: fight between merchants and youth at palakkad kalpathi