
ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. തമിഴ്നാട്ടിലേതു പോലെ തന്നെ രജനികാന്തിനും ലോകേഷിനും ആരാധകർ കേരളത്തിലും ഉണ്ട്. ഇപ്പോൾ രജിനികാന്തിനോടുള്ള ആരാധനയും അദ്ദേഹത്തിന്റെ സിനിമ കാണാൻ താൻ എടുത്തിട്ടുള്ള റിസ്കിനെക്കുറിച്ചും പറയുകയാണ് ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ. മുൻപൊരിക്കൽ ഇന്ത്യൻ ടീമിന് വേണ്ടി അയർലണ്ടിൽ കളിക്കാൻ പോയപ്പോൾ അവിടെ വെച്ച് രജനികാന്തിന്റെ സിനിമ കണ്ട അനുഭവവും സഞ്ജു പങ്കിട്ടു.
'ഒരു ഇന്ത്യൻ ഗെയിമിനായി ഞാൻ അയർലണ്ടിലായിരുന്നു ഡബ്ലിൻ എന്ന സ്ഥലത്ത്. അപ്പോൾ രജനി സാറിന്റെ സിനിമ റീലീസ് ആണെന്ന് കേട്ടു. അതിന്റെ അടുത്ത ദിവസം മാച്ച് ഉണ്ട്. ഞാന്‍ അവിടെ ഒറ്റയ്ക്ക് തിയേറ്റർ കണ്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്തു, സിനിമ കണ്ടു. അത്ര പീക്ക് വരെ ഞാൻ പോയിട്ടുണ്ട്. ഡബ്ലിനിലെ തിയേറ്ററിൽ ആന്ധ്ര, മലയാളീസ്, തമിഴർ എല്ലാവരും നിറഞ്ഞിരുന്നു. അതിനാൽ തീർച്ചയായും ഈ അടുത്ത സിനിമ കാണാൻ വളരെ ആവേശത്തിലാണ്. കേരളത്തിൽ സിനിമ റീലീസ് ചെയ്യുമ്പോൾ ഞാൻ തീർച്ചയായും കാണും,' സഞ്ജു സാംസൺ പറഞ്ഞു. ഇന്ത്യയുടെ മുന്‍ താരവും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്ര അശ്വിന്‍റെ പോഡ്കാസ്റ്റിലാണ് പ്രതികരണം.
#SanjuSamson Waiting for #Coolie FDFS 💥💥💥🔥🔥pic.twitter.com/dzoxEr0yw6
— Kerala Box Office (@KeralaBxOffce) August 10, 2025
കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights:Sanju Samson talks about watching Rajinikanth's film in Ireland