
തൃശൂർ: ജയിൽ ചാടിയതിന് പിന്നാലെ പിടികൂടി തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ സൂക്ഷമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടുകയും മീശയും താടിയും വടിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഷേവിങ് അലർജിയാണെന്നും അതിനാൽ താടി വടിക്കാനാവില്ലെന്നുമായിരുന്നു ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നത്. എന്നാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ മാസം 25-ന് പുലർച്ചെ അഞ്ചേകാലോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പുറത്തെത്തിയ ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയിൽ വെച്ച് മുകളിൽ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് റോഡിലൂടെ നടന്നത്. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാൽ ഗോവിന്ദച്ചാമി അപ്പോൾ തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. ജയിൽമാറ്റം ആഗ്രഹിച്ചിരുന്നെന്നും പരോൾ കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നെന്നും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 2017 മുതൽ ജയിൽ ചാടാൻ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകൾ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുൻപ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോൾ നൂൽ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളിൽ കമ്പി മുറിക്കും. പകൽ കിടന്നുറങ്ങും. സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാൽ കമ്പി മുറിക്കാൻ തുടങ്ങും. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്. കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാൻ തുണി ചേർത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടർന്ന് സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റിയിരുന്നു. ഒന്നാമത്തെ സെല്ലിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും രണ്ട് ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Govindachamy after escaping Kannur jail is now in Thrissur jail