
തിരുവനന്തപുരം: പ്രമുഖ വ്യവസായി രാജ്‌മോഹന്‍പിള്ളയെ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ ഒരു തെളിവും പ്രതിക്കെതിരെ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി കുറ്റക്കാരനെന്ന് ഒരു വിധത്തിലും തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
2017ലാണ് രാജ്‌മോഹന്‍പിള്ളയെ പ്രതിയാക്കി കേസെടുത്തത്. രാജ്‌മോഹന്‍പിള്ളയുടെ തിരുവനന്തപുരം വഴുതക്കാടുള്ള ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ഒഡിഷ സ്വദേശിയായ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. പരാതിക്കാരി രാജ്‌മോഹന്‍പിള്ളയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ രേഖകളില്‍ ഉണ്ടായിരുന്നത്.
രണ്ടുമാസം ഗര്‍ഭിണിയായിരിക്കെ സ്ത്രീ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് താന്‍ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടറോട് സ്ത്രീ പറയുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് കേസ് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. നല്‍കിയ മൊഴിയില്‍ സ്ത്രീ ഉറച്ചു നിന്നതോടെ രാജ്‌മോഹന്‍പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡും ചെയ്തു.
പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ രാജ്‌മോഹന്‍പിള്ള കുറ്റം നിഷേധിച്ചിരുന്നു. ഒഡിഷ സ്വദേശികളായ മറ്റ് രണ്ട് പുരുഷന്‍മാര്‍ വീട്ടുജോലിക്കായി ഉണ്ടായിരുന്നുവെന്നും അവരുമായി പരാതിക്കാരിയായ സ്ത്രീക്ക് ബന്ധമുണ്ടെന്നുമായിരുന്നു രാജ്‌മോഹന്‍പിള്ളയുടെ വാദം. വിചാരണ നടക്കുന്നതിനിടെ രാജ്‌മോഹന്‍പിള്ളക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
മൊഴിയെടുത്തപ്പോള്‍ പീഡനവിവരം ഉള്‍പ്പെടെ എല്ലാ ആരോപണങ്ങളും പരാതിക്കാരി നിഷേധിക്കുകയും ചെയ്തു. രാജ്‌മോഹന്‍പിള്ളയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു എന്നതുള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ വാദങ്ങളും യുവതി നിഷേധിച്ചു. പ്രതിക്കെതിരെ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ കേസില്‍ കുറ്റവിമുക്തനാക്കുകയാണെന്ന് ജഡ്ജി എം പി ഷിബു വിധിന്യായത്തില്‍ വ്യക്തമാക്കി.
Content Highlights: Businessman Rajmohan Pillai acquitted in rape case